ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ജന്മദിനത്തിൽ ആശംസയറിയിച്ച് പ്രമുഖർ. തിങ്കളാഴ്ചയായിരുന്നു ആധുനിക ദുബൈയുടെ വികസനത്തിന് മുന്നിൽ നടന്ന അദ്ദേഹത്തിന്റെ 75ാം പിറന്നാൾ.
ദുബൈയെ ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര-വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതിൽ ഏറ്റവും സുപ്രധാന പങ്കുവഹിച്ച വ്യക്തിത്വമെന്ന നിലയിൽ നിരവധിപേരാണ് സ്നേഹ വാഴ്പ്പോടെ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലൂടെ ആശംസ നേർന്നത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിതാവിന് സമൂഹ മാധ്യമ അക്കൗണ്ടിൽ വിഡിയോ പങ്കുവെച്ചാണ് ആശംസകളർപ്പിച്ചത്.
“വിവിധ കാലങ്ങളിലെ ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങളുടെ ഒരു പരമ്പര കാണിച്ചുകൊണ്ടാണ് ആശംസ വിഡിയോയുള്ളത്. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്സ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ദുബൈ കൾചർ ചെയർപേഴ്സൻ ലത്വീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും യു.എ.ഇയിലെ താമസക്കാരായ നിരവധിപേരും സമൂഹ മാധ്യമങ്ങളിൽ ആശംസകളും പ്രാർഥനകളും പോസ്റ്റ് ചെയ്തു.”