Gulf

വ്യാജ ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനത്തിന് സിംഗപ്പൂര്‍ പോര്‍വിമാനങ്ങളുടെ സുരക്ഷാ അകമ്പടി

Published

on

മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഇ-മെയിലില്‍ ഭീഷണിയെത്തുന്നത്. സംഭവമറിഞ്ഞതോടെ സിംഗപ്പൂര്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ രംഗത്തെത്തി. എഫ്-15 പോര്‍വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി സേവിച്ചു. വാസമേഖലകളില്‍ നിന്ന് യാത്രാവിമാനത്തിന്റെ ഗതി മാറ്റി സുരക്ഷിതമായ റൂട്ടിലെത്തിക്കാനും സഹായിച്ചു.

ചൊവ്വാഴ്ച രാത്രി 10.04ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സ്‌ഫോടകവസ്തു വിദഗ്ധര്‍, അഗ്‌നിശമന സേന, രക്ഷാപ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ തുടങ്ങി അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും അവിടെ സജ്ജമായിരുന്നു. വ്യോമസേനയും മറ്റ് സൈനികവിഭാഗങ്ങളും നല്‍കിയ സഹായത്തിന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി എന്‍.ജെ. ഹെന്‍ എക്‌സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

വ്യാജ ബോംബ് ഭീഷണികളെത്തുടര്‍ന്ന് 48 മണിക്കൂറിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലത്തിറക്കി പരിശോധിക്കേണ്ടിവന്നത്. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം തീര്‍ത്തും വഷളായ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സന്ദേശങ്ങള്‍ എത്തുന്നത്.

സാമൂഹികമാധ്യമമായ എക്‌സിലൂടെ ഏഴുവിമാനങ്ങള്‍ക്ക് ബോംബുഭീഷണിയുണ്ടായി. ഇതേത്തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ സുരക്ഷാപരിശോധനകള്‍ നടത്തി. ഡല്‍ഹി-ഷിക്കാഗോ വിമാനം സുരക്ഷാപരിശോധനയ്ക്കായി കാനഡയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം കാനഡയിലെ ഇക്കാലുയറ്റ് വിമാനത്താവളത്തില്‍ ഇറക്കി 211 യാത്രക്കാരെയും ജീവനക്കാരെയും പരിശോധിച്ചു.

ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം (എ.െഎ.-127), ജയ്പുര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ് (െഎ.എക്‌സ്-765), ദര്‍ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്.ജി.-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്‍ വിമാനം (ക്യു.പി.-1373), ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം(6 ഇ-98), അമൃത്സര്‍-ദെഹ്റാദൂണ്‍ അലയന്‍സ് എയര്‍ (9എല്‍-650) എന്നിവയ്ക്കും ഭീക്ഷണി സന്ദേശം ലഭിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version