പ്രവാസികളെ കൊണ്ട് വൈദ്യുതി, വാട്ടര്‍ ബില്‍ കുടിശ്ശികകള്‍ അടപ്പിക്കാനുള്ള കുവൈറ്റ് അധികൃതരുടെ തന്ത്രം ഫലം കണ്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രവാസികളില്‍ നിന്ന് 2.3 കോടി ദിനാര്‍ അഥവാ 632 കോടി ഇന്ത്യന്‍ രൂപ! വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം ആവിഷ്ക്കരിച്ച തന്ത്രമാണ് കഴിഞ്ഞ വര്‍ഷം പ്രവാസികളില്‍ നിന്ന് 2.3 കോടി ദിനാറിന്റെ ബില്‍ കുടിശ്ശിക പിരിച്ചെടുക്കാന്‍ സഹായകമായത്. രാജ്യത്തെ വൈദ്യുതി ബില്‍ കുടിശ്ശിക പിരിക്കുന്ന കാര്യത്തില്‍ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.
2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്ന് വരെയുള്ള ഒരു വര്‍ഷത്തെ കാലയളവിലാണ് ഇത്രയും വലിയ തുക പ്രവാസികളില്‍ നിന്ന് കുടിശ്ശികയായി അധികൃതര്‍ പിരിച്ചെടുത്തത്. ഇതിനായി മന്ത്രാലയം സ്വീകരിച്ച സമീപകാല നടപടിക്രമങ്ങളുടെ വിജയവും ഫലപ്രാപ്തിയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അധികൃതര്‍ അറിയിച്ചു.