യുഎഇയിൽ പറക്കും ടാക്സി സേവനത്തിനു മുന്നോടിയായുള്ള പരീക്ഷണ പറക്കൽ 2025 മേയ് മുതൽ അൽഐനിൽ ആരംഭിക്കും. അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസിന്റെ നേതൃത്വത്തിൽ 2026 ജനുവരി ഒന്നു മുതലാണ് യുഎഇയിൽ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുകയെന്ന് സിഇഒ രമൺദീപ് ഒബ്റോയ് പറഞ്ഞു.
ഇതുസംബന്ധിച്ച് യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലൈയിങ് ടാക്സി നിർമാതാക്കളായ ആർച്ചർ ഏവിയേഷനുമായി കഴിഞ്ഞ മാർച്ചിൽ കരാർ ഒപ്പിട്ടിരുന്നു. ദുബായിലെയും അബുദാബിയിലെയും നിർണായക സ്ഥലങ്ങളിൽ എയർ ടാക്സി സേവനത്തിന് വെർട്ടിപോർട്ടുകളും നിർമിക്കും.
ആർച്ചറിന്റെ ഫ്ലൈയിങ് കാർ മിഡ്നൈറ്റ് എയർ ടാക്സിയാണ് അൽഐനിൽ 4 മാസത്തോളം പരീക്ഷണ പറക്കൽ നടത്തുക. പൊടിപടലങ്ങൾ നിറഞ്ഞ, ചൂടുള്ള അന്തരീക്ഷത്തിലായിരിക്കും പരിശീലനം. വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ഭാവിയിൽ എയർടാക്സി സേവനം തേടുന്നവരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ.
ആദ്യഘട്ടത്തിൽ അബുദാബിക്ക് അകത്താണ് സേവനം നടത്തുക. 2026 മധ്യത്തോടെ അബുദാബിയിൽനിന്ന് ദുബായ്, റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുണ്ടാകും. പാം ജുമൈറയിലെ അറ്റ്ലാന്റിസ്, അബുദാബി കോർണിഷിലെ മറീന മാൾ എന്നിവിടങ്ങളിലെ വെർട്ടിപോർട്ട് അടിസ്ഥാനമാക്കിയായിരിക്കും ഇരു എമിറേറ്റുകളിലേക്കുമുള്ള സർവീസ്. ദുബായുടെയും അബുദാബിയുടെയും ആകാശ ദൃശ്യം അനുഭവിക്കാവുന്ന വിധത്തിലായിരിക്കും സർവീസ്.
നിരക്ക്: വിമാനത്തേക്കാൾ കുറവ് ടാക്സിയേക്കാൾ കൂടുതൽ ഫ്ലൈയിങ് ടാക്സി തിരഞ്ഞെടുക്കുന്ന യാത്രക്കാരന് വിമാന നിരക്കിനെക്കാൾ 1000 ദിർഹം ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ടാക്സി നിരക്കിനെക്കാൾ ഇരട്ടിയായിരിക്കും. നഗരത്തിനുള്ളിലെ സേവനത്തിന് കുറഞ്ഞത് 300 ദിർഹമാകും നിരക്ക്.
അതിവേഗം ദീർഘദൂരം പിന്നിടുന്ന എയർ ടാക്സിയുടെ സുരക്ഷയാണ് പ്രധാനമായും പരീക്ഷണയോട്ടത്തിൽ പരിശോധിക്കുക. ഓരോ യാത്രയിലും വിവിധ മേഖലകളിലെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യും. നിലവിൽ കാറിൽ ഒന്നര മണിക്കൂർ വരെ എടുക്കുന്ന ദൂരമാണ് ഫ്ലൈയിങ് ടാക്സി അര മണിക്കൂറിനകം പിന്നിടുക. ഭൂമിയിൽനിന്നും 500 മുതൽ 3000 മീറ്റർ വരെ ഉയരത്തിലാകും പറക്കൽ. വ്യോമയാന വകുപ്പിന്റെ ~ന്തിമ അനുമതിക്കുശേഷമാകും
പറക്കൽ. വ്യോമയാന വകുപ്പിന്റെ അന്തിമ അനുമതിക്കുശേഷമാകും റൂട്ട് തീരുമാനിക്കുക. ഫ്ലൈയിങ് ടാക്സി കൂടി വരുന്നതോടെ യുഎഇയിലെ ടൂറിസം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.