ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വിദേശനാണ്യം സംഭാവന ചെയ്യുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ കണ്ണീരിന് പുല്ലുവില കൽപിച്ച് വിമാന കമ്പനികളും കേന്ദ്ര സർക്കാറും. ടിക്കറ്റ് നിരക്ക് വർധനയിൽ പൊറുതിമുട്ടുന്നതിനിടെയാണ് പലവിധ പേരുകൾ നൽകി യു.എ.ഇയിൽനിന്നുള്ള യാത്രക്കാർക്ക് സൗജന്യമായി അനുവദിച്ചിരുന്ന ലഗേജിന്റെ തൂക്കം എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചിരിക്കുന്നത്.
എം.പിമാരായ ഷാഫി പറമ്പിലും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ളവർ വിഷയം പാർലമെന്റിൽ ഗൗരവമായി അവതരിപ്പിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ കേന്ദ്രസർക്കാറോ വിമാന കമ്പനികളോ ഇതുവരെ തയാറായിട്ടില്ലെന്നതാണ് യാഥാർഥ്യം.
അവധിക്ക് കുടുംബസമേതം നാട്ടിലേക്ക് പോവാനുള്ള മോഹങ്ങൾക്ക് താങ്ങാനാവാത്ത വിമാന ടിക്കറ്റ് നിരക്ക് വില്ലനായതോടെ കടുത്ത മാനസിക സമ്മർദത്തിലാണ് പല പ്രവാസികളും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി രാപകലില്ലാതെ പ്രവാസ ലോകത്ത് പണിയെടുത്തിട്ടും രണ്ടോ മൂന്നോ കൊല്ലത്തിനുശേഷം നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിക്കുന്നില്ല