വാടക തർക്കത്തിന് കടിഞ്ഞാൺ ഇടാൻ ഷാർജയും. കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ട് ഷാർജയിൽ വാടക സൂചിക ഏർപ്പെടുത്താൻ ആലോചിക്കുന്നു. ദുബായ്, അബുദാബി എമിറേറ്റുകൾക്കു പിറകെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റായിരിക്കും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടർന്നേക്കും. ഓരോ പ്രദേശത്തിന്റെ പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കി വാടകപരിധി നിശ്ചയിക്കുന്നതിനാൽ വാടകനിരക്കും പരാതികളുടെ എണ്ണവും കുറയുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇതിനു മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. ഓരോ പ്രദേശത്തെയും വാടക നിലവാരം ജനങ്ങൾക്ക് കാണാവുന്ന വിധത്തിലാണ് ഷാർജ റെന്റൽ ഇൻഡക്സ് തയാറാക്കുക. റിയൽ എസ്റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും വാടക സൂചികയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.