Gulf

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള കണ്ടന്‍റ് ക്രിയേറ്റർമാർക്ക് നൽകുന്ന ‘വൺ ബില്യൺ അവാർഡ്’ യുകെയിൽ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റർ സൈമൺ സ്‌ക്വിബിന് സമ്മാനിച്ചു

Published

on

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള കണ്ടന്‍റ് ക്രിയേറ്റർമാർക്ക് നൽകുന്ന ‘വൺ ബില്യൺ അവാർഡ്’ യുകെയിൽ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റർ സൈമൺ സ്‌ക്വിബിന് സമ്മാനിച്ചു. 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സൈമൺ സ്‌ക്വിബിന് അഭിമാനകരമായ ഈ പുരസ്‌കാരം സമ്മാനിച്ചത്. പത്ത് ലക്ഷം യുഎസ് ഡോളർ അഥവാ എട്ടരക്കോടിയിലേറെ രൂപയാണ് ജേതാവിന് ലഭിച്ചത്. അർഥവത്തായ സാമൂഹിക മാറ്റം നയിക്കാൻ കണ്ടന്‍റ് ക്രിയേറ്റർമാരെ പ്രചോദിപ്പിക്കുക, മികച്ച ഭാവി കെട്ടിപ്പടുക്കാൻ തലമുറകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ അവാർഡ് നൽകുന്നത്.

ദുബായ് എമിറേറ്റ്‌സ് ടവേഴ്‌സ്, ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ (ഡിഐഎഫ്‌സി), മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വേദികളിലായി ജനുവരി 11 മുതൽ 13 വരെയാണ് യുഎഇ സർക്കാർ മീഡിയ ഓഫീസ് 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടി സംഘടിപ്പിച്ചത്. ‘നല്ലതിനായുള്ള ഉള്ളടക്കം’ എന്ന പ്രമേയത്തിന് കീഴിൽ നടന്ന പരിപാടിയിൽ 15,000-ത്തിലധികം കണ്ടന്‍റ് ക്രിയേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും 420-ലധികം പ്രഭാഷകരും 125 സിഇഒമാരും ആഗോള വിദഗ്‌ദ്ധരും പങ്കെടുത്തു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നേതൃത്വവും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദർശനവും വഴി നയിക്കപ്പെടുന്ന യുഎഇയുടെ ഉറച്ച പ്രതിബദ്ധതയാണ് ‘വൺ ബില്യൺ അവാർഡ്’ എന്ന സംരംഭത്തിലൂടെ വ്യക്തമാകുന്നതെന്ന് ശൈഖ ലത്തീഫ പറഞ്ഞു. ചടങ്ങിൽ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗെർഗാവി, സഹമന്ത്രിയും യുഎഇ കാബിനറ്റ് സെക്രട്ടറി ജനറലുമായ മറിയം അൽഹമ്മദി, യുഎഇ ഗവൺമെന്‍റ് മീഡിയ ഓഫീസ് ചെയർമാൻ സയീദ് അൽ ഈറ്റർ എന്നിവർ പങ്കെടുത്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒമ്പത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ബ്രിട്ടീഷ് സംരംഭകനും മോട്ടിവേഷണൽ സ്പീക്കറുമാണ് സൈമൺ സ്‌ക്വിബ്. ആഗോള വിദഗ്ധരും ഇൻഫ്‌ളുവൻസർമാരും കൺസൾട്ടന്‍റുമാരും അടങ്ങുന്ന ജഡ്ജിമാരുടെ പാനലാണ് സൈമൺ സ്ക്വിബിനെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version