ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ പി ഒ) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തുടക്കമായി. ഒക്ടോബർ 28 മുതല്‍ നവംബർ 5 വരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഐ പി ഒ നടത്തുന്നത്. ഐ പി ഐയിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് ലുലു ഗ്രൂപ്പ് വിറ്റഴിക്കുന്നത്. 170 മുതല്‍ 180 കോടി ഡോളർ വരെയാണ് ലുലു ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ് കമ്പനി ഐ പി ഒ യിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ഇന്നതോടെ വ്യക്തമായി.
ഓഹരി വില്‍പ്പനയിലൂടെ കമ്പനിക്ക് ഇന്ത്യന്‍ രൂപയില്‍ 11424 കോടി രൂപ മുതൽ 12012 കോടി രൂപവരെ സ്വന്തമാക്കന്‍ സാധിക്കും. ഓഹരി വില്‍പ്പനയിലേക്ക് ഇറങ്ങുന്ന ലുലു ഗ്രൂപ്പിന് മികച്ച പ്രതികരണമായിരിക്കും ലഭിക്കുകയെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ റെക്കോർഡ് വേഗത്തിലാണ് ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്തത്. അതായത് ഐ പി ഒ ആരംഭിച്ച് ഒരു മണിക്കൂർ കൊണ്ട് തന്നെ ഓഹരികള്‍ പൂർണ്ണമായും വിറ്റു പോയി.