ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ലബനനിലെ ജനങ്ങൾക്കായി യുഎഇ കൂടുതൽ സഹായമെത്തിച്ചു. രണ്ടാഴ്ച നീളുന്ന ക്യാംപെയ്നിന്റെ ഭാഗമായി, കഴിഞ്ഞദിവസം 6 വിമാനങ്ങളിലായി 205 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് എത്തിച്ചത്.
ലബനനിലേക്കുള്ള യുഎഇയുടെ ദുരിതാശ്വാസ വസ്തുക്കൾ വിമാനത്തിൽ കയറ്റുന്നു.
മരുന്നുകൾ, ഭക്ഷ്യോൽപന്നങ്ങൾ, ടെന്റുകൾ തുടങ്ങിയവയാണ് സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമാഹരിച്ച് അയയ്ക്കുന്നത്. 21 വരെ തുടരുന്ന ക്യാംപെയ്നിനു പ്രസിഡൻഷ്യൽ കോർട്ട് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് നേതൃത്വം നൽകുന്നത്.
ലബനൻ ജനതയ്ക്ക് അടിയന്തര സഹായമായി യുഎഇ 10 കോടി ഡോളർ സംഭാവന ചെയ്തിരുന്നു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. ഇതിനു പുറമേയാണ് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നത്.