യുഎഇയില്‍ തൊഴില്‍ മേഖലയില്‍ നിന്ന് വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സിയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. 55 വയസ്സും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കായി 5 വര്‍ഷത്തെ റസിഡന്‍സി വിസ അനുവദിക്കുന്നതാണ് ഇതില്‍ പ്രധാനം. 55 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ താമസിക്കാന്‍ 5 വര്‍ഷത്തെ റസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഐസിപി അധികൃതര്‍ അറിയിച്ചു.
അപേക്ഷകന്‍ യുഎഇയ്ക്ക് അകത്തോ പുറത്തോ കുറഞ്ഞത് 15 വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണം.
വ്യക്തിക്ക് കുറഞ്ഞത് 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള സ്വത്തോ, കുറഞ്ഞത് 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ, 20,000 ദിര്‍ഹം (ദുബായില്‍ 15,000 ദിര്‍ഹം) പ്രതിമാസ വരുമാനമോ ഉണ്ടായിരിക്കണം.
കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഈ റസിഡന്‍സി വിസയ്ക്ക് 5 വര്‍ഷത്തേക്ക് സാധുതയുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകന്‍ മേല്‍പ്പറഞ്ഞ ആവശ്യകതകള്‍ പാലിക്കുന്നത് തുടരുകയാണെങ്കില്‍ അഞ്ചു വര്‍ഷത്തിനു ശേഷം വിസ വീണ്ടും പുതുക്കാന്‍ അവസരം ലഭിക്കും. ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും UAEICP എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും വിരമിച്ച താമസക്കാര്‍ക്ക് റസിഡന്‍സി പെര്‍മിറ്റിനും യുഎഇ ഐഡി കാര്‍ഡിനും അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍ വിവരിച്ചിട്ടുണ്ട്. ആപ്ലിക്കേഷന്‍ പ്രക്രിയയില്‍ താഴേപറയുന്ന ഘട്ടങ്ങള്‍ ഉള്‍പ്പെടുന്നു:”
“യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
* യുഎഇ ഐഡിയും റസിഡന്‍സി സേവനങ്ങളും എന്നത് തെരഞ്ഞെടുക്കുക.
* ലഭ്യമായ ഡാറ്റ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്യുക.
* അംഗീകൃത ഡെലിവറി കമ്പനികള്‍ വഴി ഐഡി കാര്‍ഡ് വിതരണം ചെയ്യും.
ഐസിപിക്കു പുറമെ, വിരമിച്ചവരെ ആകര്‍ഷിക്കാന്‍ ദുബായ് ഒരു പ്രത്യേക പരിപാടി അവതരിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വിരമിച്ച വ്യക്തി ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍, വിദേശ പൗരന്മാര്‍ക്കും അവരുടെ ജീവിതപങ്കാളികള്‍ക്കും ആശ്രിതര്‍ക്കും പുതുക്കാവുന്ന 5 വര്‍ഷത്തെ റെസിഡന്‍സി വിസയ്ക്ക് അപേക്ഷിക്കാന്‍ ഈ പ്രോഗ്രാം അനുവദിക്കുന്നു.
വിരമിച്ച വ്യക്തിക്ക് കുറഞ്ഞത് 55 വയസ്സ് പ്രായമുണ്ടായിരിക്കണം എന്നതാണ് ദുബായ് വിസയ്ക്കുള്ള വ്യവസ്ഥകളിലൊന്ന്. കൂടാതെ വാര്‍ഷിക വരുമാനം കുറഞ്ഞത് 180,000 ദിര്‍ഹം അല്ലെങ്കില്‍ പ്രതിമാസ വരുമാനം 15,000 ദിര്‍ഹം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തില്‍ 10 ലക്ഷം ദിര്‍ഹം സാമ്പത്തിക ലാഭം ഉണ്ടായിരിക്കണം. ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള പണയപ്പെടുത്താത്ത വസ്തു ഉണ്ടായാലും മതിയാവും.”