രാജ്യത്ത് സൈബർ സുരക്ഷ ശക്തമാക്കുന്നതിന് മൂന്ന് പുതിയ നയങ്ങൾ രൂപപ്പെടുത്തുമെന്ന് വെളിപ്പെടുത്തി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. ‘ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഡേറ്റ സുരക്ഷയും’, ‘ഇൻറർനെറ്റ് ഓഫ് തിങ്സ് സെക്യൂരിറ്റി’, ‘സൈബർ സുരക്ഷ ഓപറേഷൻ കേന്ദ്രങ്ങൾ’ എന്നിങ്ങനെയാണ് മൂന്നു നയങ്ങൾ രൂപപ്പെടുത്തുന്നത്. ഈ വർഷം അവസാനത്തോടെ ഇവ അന്തിമമായി തയാറാക്കി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നൂതന സാങ്കേതിക വിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് ഈ നയങ്ങൾ ലക്ഷ്യമിടുന്നതെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.
സൈബർ മേഖലയെ നിയന്ത്രിക്കാനും പൊതു-സ്വകാര്യ മേഖലകളുമായി പ്രാദേശികവും അന്തർദേശീയവുമായ പങ്കാളിത്തം രൂപപ്പെടുത്താനും സഹായിക്കുന്ന നയങ്ങളാണ് രൂപപ്പെടുത്തുന്നത്. നൂതന സാങ്കേതിക വിദ്യയുടെയും നിർമിത ബുദ്ധിയുടെയും മേഖലയിൽ നിരവധി രാജ്യങ്ങൾക്ക് സുരക്ഷ സംവിധാനങ്ങൾ വികസിപ്പിക്കാൻ യു.എ.ഇ പ്രചോദനാത്മക മാതൃകയാണെന്ന് ഡോ. അൽ കുവൈത്തി കൂട്ടിച്ചേർത്തു.”