യു.എ.ഇ സായുധസേനയുടെ കരുത്ത് തെളിയിച്ച് യൂണിയൻ ഫോർട്രസ് 10. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച നടന്ന സംയുക്ത സൈനിക പരേഡിൽ സായുധ സേനയുടെ വിവിധ മേഖലകളിലെ അഭ്യാസ പ്രകടനങ്ങൾ കാഴ്ചക്കാർക്ക് അത്യപൂർവ കാഴ്ചാനുഭവം സമ്മാനിച്ചു.
എയർപോർട്ടിൽ 26,000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ വൻ ജനാവലിയാണ് സായുധ സേനയുടെ പ്രകടനങ്ങൾ നേരിട്ട് കാണാനെത്തിയത്.
പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ അൽ ഐൻ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ മുഖ്യാഥിതിയായി പങ്കെടുത്തു.
യു.എ.ഇ സായുധ സേനയുടെ നൂതന സാങ്കേതിക മികവുകളും കായിക ശേഷിയും പ്രകടമാക്കുന്നതായിരുന്നു വിവിധ പ്രകടനങ്ങൾ. വെത്യസ്ത പ്രതികൂല സാഹചര്യങ്ങളോട് രാജ്യത്തിന്റെ കാവൽക്കാർ എങ്ങനെ പ്രതികരിക്കുന്നുവെന്നും അതിനെ പ്രതിരോധിച്ച് രാജ്യത്തിനും ജനങ്ങൾക്കും സംരക്ഷണം തീർക്കുന്ന രീതികളും കാഴ്ചക്കാർക്ക അത്യപൂർവ നിമിഷങ്ങളാണ് സമ്മാനിച്ചത്.