യു എ ഇ ടെലിമാര്‍ക്കറ്റിംഗ് നിയമം കര്‍ശനമാക്കി. പുതിയ നിബന്ധനകള്‍ ഈ മാസം 27ന് പ്രാബല്യത്തില്‍ വരും. ടെലിമാര്‍ക്കറ്റിംഗിന് പ്രത്യേക രജിസ്‌ട്രേഷന്‍ വേണം. ബ്ലോക്ക് ചെയ്തുവെന്നറിഞ്ഞിട്ടും വിളിച്ചാല്‍ 1.5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.
ഒരു മാസത്തിനുള്ളില്‍ നടത്തിയ മാര്‍ക്കറ്റിംഗ് ഫോണ്‍ കോളുകള്‍ എല്ലാം കമ്പനികള്‍ റിപോര്‍ട്ട് ചെയ്യണം. നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, കമ്പനിക്ക് 30,000 ദിര്‍ഹം വരെ അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തും.
ടെലിമാര്‍ക്കറ്റര്‍മാര്‍ക്കായി 2024 ജൂണ്‍ ആദ്യം അതോറിറ്റി പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ ഉപഭോക്താക്കളെ വിളിക്കാവൂ. ആദ്യ കോളില്‍ സേവനമോ ഉത്പന്നമോ നിരസിച്ചാല്‍ അതേ ദിവസം വീണ്ടും താമസക്കാരെ വിളിക്കരുത്. ഉത്പന്നങ്ങളോ സേവനങ്ങളോ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് ടെലിമാര്‍ക്കറ്റര്‍മാര്‍ കുറുക്കു വിദ്യകളോ തന്ത്രങ്ങളോ സ്വീകരിക്കരുത്.
കോള്‍ഡ് കോളര്‍മാര്‍ക്കും ടെലിമാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ക്കും ഒരേപോലെ നിയമം ബാധകം. ലംഘിച്ചാല്‍ 5,000 ദിര്‍ഹം മുതല്‍ 150,000 ദിര്‍ഹം വരെ പിഴ നേരിടേണ്ടിവരും. ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ വര്‍ധിക്കും. 2024ലെ കാബിനറ്റ് റെസല്യൂഷന്‍ നമ്പര്‍ (57) പ്രകാരം ഓരോ തവണയും ലംഘനം ആവര്‍ത്തിച്ചാല്‍ പിഴകള്‍ ഗണ്യമായി വര്‍ധിക്കും.
ടെലിമാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിന് മുന്‍കൂര്‍ അനുമതി നേടുന്നതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ ആദ്യ തവണ 75,000 ദിര്‍ഹവും രണ്ടാം തവണ 100,000 ദിര്‍ഹവും മൂന്നാം തവണ 150,000 ദിര്‍ഹവും പിഴ നേരിടേണ്ടി വരും. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ജീവനക്കാര്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ പിഴ ചുമത്തും.