അബുദാബിയിൽ ഫ്രീലാൻസിംഗ് ലൈസൻസിൽ 30 പുതിയ കൂട്ടിച്ചേർക്കലുകൾ കൂടി. അബുദാബി സാമ്പത്തിക വികസന വിഭാഗത്തിലെ അബുദാബി ബിസിനസ് സെൻററിന്റേതാണ് (എഡിബിസി) നീക്കം. ഇതോടെ എമിറേറ്റിലെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കപ്പെടുകയും സംരംഭകരെ വളർത്തുകയും ചെയ്യും.
സംഘടനകൾ, സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ എന്നിവർക്ക് പ്രത്യേക സേവനങ്ങൾ നൽകാൻ ഫ്രീലാൻസർമാരെ സഹായിക്കുന്നതാണ് പുതിയ നീക്കം. എഡിബിസി പ്രഖ്യാപിച്ച പുതിയ കൂട്ടിച്ചേർക്കലുകളിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) വികസനം, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും, സോഫ്റ്റ്‌വെയർ ഡിസൈൻ, എണ്ണ, പ്രകൃതി വാതക ഫീൽഡ് പ്രൊഡക്ഷൻ സോഫ്റ്റ്‌വെയർ, ഡിസൈൻ, ഡാറ്റ വിശകലനം, കംപ്യൂട്ടർ സിസ്റ്റം വികസനം, 3ഡി ഇമേജിങ് എന്നിങ്ങനെ 100 വ്യത്യസ്ത പ്രവർത്തനങ്ങൾക്കാണ് ഫ്രീലാൻസ് വിസ ലഭിക്കുക. കഴിഞ്ഞ വർഷം 1,013 പേർ ലൈസൻസ് നേടിയിട്ടുണ്ട്.