ക്ലാസിൽ ഒന്നാമനായി ജയിക്കണമെന്നില്ല, കംപ്യൂട്ടറിൽ ഗെയിം കളിച്ചു നടന്നാലും യുഎഇയിൽ 10 വർഷ വീസ ലഭിക്കും. കംപ്യൂട്ടർ ഗെയിം കളിച്ചു രാജ്യത്തെ ആദ്യ 10 വർഷ ഗെയിമിങ് വീസ സ്വന്തമാക്കിയിരിക്കുകയാണ് പലസ്തീൻ സ്വദേശി അദ്നൻ മയാസി. കംപ്യൂട്ടർ ഗെയിമിനു മുന്നിൽ ജീവിതം സമർപ്പിച്ച ഒരു ഗെയിമർക്കു ദുബായ് നൽകിയ ആദരം.
മികച്ച ഗെയിമിങ് സംസ്കാരം വളർത്തിയെടുക്കലാണ് അദ്നന്റെ സ്വപ്നം. അതുവഴി സമൂഹത്തെ സ്വാധീനിക്കുക. ഈ മേഖലയിലെ ഒരു വിശ്വസ്ത നാമമായി ഇതിനോടകം അദ്നൻ മാറിക്കഴിഞ്ഞു. ഗെയിമിങ് രംഗത്തു പുതിയ കണ്ടുപിടിത്തങ്ങളിലാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ശ്രദ്ധ. വിഡിയോ ഗെയിമിൽ പുതിയ കണ്ടുപിടിത്തങ്ങളും പ്രാദേശികവൽക്കരണവുമാണ് ദുബായി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര കംപ്യൂട്ടർ ഗെയിം മൽസരങ്ങൾക്കും ദുബായ് വേദിയാണ്.