Gulf

യാത്ര മുടങ്ങിയ യുവതിക്ക് വിമാനകമ്പനി നഷ്ടപരിഹാരം നൽകണം

Published

on

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. പൊന്മള സ്വദേശി പൂവാടൻ അഹമ്മദ് മാജിന്റെ ഭാര്യ ഫിദ നൽകിയ പരാതിയിലാണു വിധി. നഷ്ടപരിഹാരത്തുകയും കോടതിച്ചെലവായി 5000 രൂപയും ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 9% പലിശ നൽകണം.


മൂന്നു മക്കൾക്കൊപ്പം കോഴിക്കോട്ടുനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്കു പോകുന്നതിനായി കഴിഞ്ഞ വർഷം മാർച്ച് 25നാണു ഫിദ ടിക്കറ്റെടുത്തത്. രാവിലെ 8.30നു പുറപ്പെടുന്ന യാത്രയ്ക്കായി ഏപ്രിൽ ഒന്നിനു വിമാനത്താവളത്തിൽ 6 മണിക്കു തന്നെയെത്തി.

ബോർഡിങ് പാസിനായി അന്വേഷിച്ചപ്പോഴാണ് എയർ ഇന്ത്യ ടിക്കറ്റ് എയർ ഇന്ത്യ എക്സ്പ്രസിലേക്കു മാറ്റിയതായി അറിയുന്നത്. 12 മണിവരെ കാത്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം അന്നു ബോർഡിങ് പാസ് കിട്ടിയില്ല. ഏപ്രിൽ ഏഴിലെ വിമാനത്തിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പിൽ ഫിദയും മക്കളും വീട്ടിലേക്കു മടങ്ങി. 6 മണിക്കൂറോളം വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും ഭക്ഷണം നൽകാനോ മറ്റു സൗകര്യങ്ങളെക്കുറിച്ച്
അന്വേഷിക്കാനോ വിമാനക്കമ്പനി അധികൃതർ തയാറായില്ലെന്നു പരാതിയിൽ പറയുന്നു.7നു പുലർച്ചെ 5നു ഫിദയും മക്കളും വിമാനത്താവളത്തിലെത്തി. 12 വയസ്സിനു താഴെ പ്രായമുള്ള 2 മക്കൾക്ക് “മൈനർ സ്റ്റ‌ാറ്റസി’ലാണ് എയർ ഇന്ത്യയിൽ ടിക്കറ്റു ബുക്ക് ചെയ്തിരുന്നത്. ഇത് എക്സ്പ്രസിലേക്കു മാറ്റിയപ്പോൾ “അഡൽറ്റ് സ്‌റ്റാറ്റസ്’ ആയെന്നും അതിനാൽ 2 കുട്ടികളുടെ ടിക്കറ്റിനു കൂടുതൽ പണം നൽകണമെന്നും വിമാനക്കമ്പനി ജീവനക്കാർ ആവശ്യപ്പെട്ടു.

പണം നൽകാൻ തയാറല്ലെന്ന് അറിയിച്ചതോടെ വിമാനത്തിൽ കയറാനായില്ല. അന്ന് ഉച്ചയോടെ വീട്ടിലേക്കു മടങ്ങി. എയർ ഇന്ത്യ എക്സ‌്പ്രസ് ജീവനക്കാരുടെ അറിയിപ്പു ലഭിച്ചതോടെ മടങ്ങിയെത്തി രാത്രി 8നുള്ള വിമാനത്തിൽ ദുബായിലേക്കു തിരിക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version