അത്യാധുനികമായ വസ്ത്രങ്ങൾ ധരിച്ച് ലോകനേതാക്കൾ റാംപ് വാക്ക് നടത്തുന്ന AI വീഡിയോ പങ്കുവച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. എഐ ഫാഷൻ ഷോയ്‌ക്ക് സമയമായിരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ഹാസ്യരൂപത്തിലുള്ള റാംപ് വാക്ക് വീഡിയോ ഇലോൺ മസ്ക് എക്സിൽ പങ്കുവച്ചത്. നൂതനരീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്നവരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമവരെയുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ട്രംപ്, ഒബാമ, റഷ്യൻ പ്രസിഡന്റ് പുടിൻ, മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ആപ്പിൾ സിഇഒ ടിം കുക്ക്, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്, ഇന്ത്യൻ പ്രധാനമന്ത്രി മോദി, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരുടെ എഐ രൂപങ്ങൾ റാംപ് വാക്ക് നടത്തിയവരിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ മസ്കിനെയും റാംപ് വാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷോർട് മാത്രം ധരിച്ചുവരുന്ന മസ്ക് പെട്ടെന്ന് അയേൺ മാൻ കഥാപാത്രത്തെ പോലെ ടെസ്ല സ്യൂട്ട് ധരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ലാപ്ടോപുമായാണ് ബിൽഗേറ്റ്സ് വന്നത്. PCയുടെ സ്ക്രീനിൽ ബ്ലൂ ഡെത്ത് ഓഫ് സ്ക്രീൻ പ്രദർശിപ്പിച്ചത് കഴിഞ്ഞ ദിവസമുണ്ടായ വിൻഡോസ് തകരാറിനെ സൂചിപ്പിക്കുന്നതായിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ നിറത്തിലുള്ള ഔട്ട്ഫിറ്റും സൺ ഗ്ലാസും വൈറ്റ് ഷൂസും ധരിച്ച് വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീൽചെയറിലാണ് യുഎസ് പ്രസിഡന്റ് ബൈഡൻ എത്തിയത്. വിവിധ ഹോളിവുഡ് സിനിമകളിലെ കഥാപാത്രത്തെ അനുസ്മരിപ്പിച്ചാണ് ഒബാമ കടന്നുപോയത്. എക്സിൽ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.