ഭീകര സംഘടനയായ മുസ്ലീം ബ്രദർഹുഡിൻ്റെ അംഗങ്ങൾ യുഎഇക്ക് പുറത്ത് രൂപീകരിച്ച പുതിയ രഹസ്യ സംഘടന അന്വേഷണ സംഘം കണ്ടെത്തി. രാജ്യത്തെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനായാണ് രഹസ്യ സംഘടനകൾ പ്രവർത്തിക്കുന്നത്. 2013ൽ നിരോധിച്ച റിഫോം കോൾ എന്ന തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്നവരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വിദേശത്ത് നിന്നാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഘടനയിലെ ഒരു അംഗത്തെ അറസ്റ്റ് ചെയ്തു.
സംഘടനയുടെ പ്രവർത്തനങ്ങളുടെ ഘടനയും അവ എപ്രകാരം അപകീർത്തികരമായ പ്രചാരണങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും നേതൃത്വം നൽകിയെന്നും അറസ്റ്റിലായയാൾ വെളിപ്പെടുത്തി. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കേസിൽ കൂടുതൽ വിവരങ്ങൾ അറിയാൻ അന്വേഷണം തുടരുകയാണ്. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഈ ഭീകര സംഘടനയുടെ വിശദാംശങ്ങളും അതിൻ്റെ കുറ്റകൃത്യങ്ങളും അതോറിറ്റി പ്രഖ്യാപിച്ചേക്കും.