സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. 2023 ലെ പുരസ്കാരങ്ങൾ നാളെ (16 ഓഗസ്റ്റ് 2024) ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിൽ പ്രഖ്യാപിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ എന്നിവർ ജൂറി അംഗങ്ങളാണ്.ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായിരുന്നു സ്ക്രീനിങ്.
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്, പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കാണുന്നുണ്ട്.
മികച്ച നടനുള്ള പുരസ്കാരത്തിന് കണ്ണൂർ സ്ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സർപ്രെെസായി മറ്റൊരു എൻട്രി ഉണ്ടാകുമോയെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
കഴിഞ്ഞ തവണ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മമ്മൂട്ടി നേടിയിട്ടുള്ളത്. മികച്ച നടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലൂടെ നേടാൻ ഉർവശിക്ക് കഴിഞ്ഞാൽ അത് കരിയറിലെ ആറാം പുരസ്കാരമാകും. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് മുമ്പ് പുരസ്കാരം ലഭിച്ചത്.
വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജ് രണ്ടു വട്ടം നേടിയിട്ടുണ്ട്. ചാർലി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017-ൽ പാർവതി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായിരുന്നു.