ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സി.ഇ.ഒ എലോൺ മസ്ക്കിനെതിരെ രൂക്ഷ വിമർശനവുമായി മകൾ വിവിയൻ ജെന്ന വിൽസൺ. എലോൺ മസ്ക്കുമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും പിതാവ് മയക്കുമരുന്നിന് അടിമയാണെന്നും ട്രാൻസ്ജൻഡറായ വിവിയൻ പറഞ്ഞു. എലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ പ്രധാന എതിരാളിയായ ത്രെഡ്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിവിയൻ ജെന്ന വിൽസൺ പിതാവിനെതിരെ പ്രതികരിച്ചത്.
പിതാവുമായി തനിക്കൊരു അടുപ്പവും ഇല്ലെന്നും മസ്‌ക് പറഞ്ഞ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും വിവിയൻ കൂട്ടിച്ചേർത്തു. സഹതാപത്തിന് വേണ്ടിയാണ് ഇതെല്ലാം പറയുന്നതെന്നും അവർ പറഞ്ഞു. മകന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എലോൺ മസ്ക്ക് നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായി മാറിയിരുന്നു. തന്റെ മകൻ സേവ്യറെ നഷ്ടമായത് ‘വോക്ക് വൈറസ് കാരണമാണെന്ന് മസ്ക്ക് ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെ ജയിലിൽ അടക്കണമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് അവരെ സ്വാധീനിച്ചതെന്നും മസ്‌ക് പറഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ആശയങ്ങൾ വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചിരുന്നു.