കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് അനുമതി. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) ആണ് അനുമതി നല്‍കിയത്.
Neuralink Blindsight is the GREATEST innovation Elon Musk has ever revealed
കാഴ്ചശക്തിക്കുള്ള ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കില്‍ നിന്നുള്ള ബ്ലൈന്റ് സൈറ്റ് ഉപകരണത്തിന്റെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. വിഷ്വല്‍ കോര്‍ട്ടക്സ് കേട് പറ്റിയിട്ടില്ലെങ്കില്‍, ജന്മനാ അന്ധതയുള്ളവര്‍ക്ക് പോലും ആദ്യമായി കാഴ്ച ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മസ്‌ക് പറയുന്നു.
തുടക്കത്തില്‍ കുറഞ്ഞ റസലൂഷനിലുള്ള കാഴ്ചയായിരിക്കുമെങ്കിലും ക്രമേണ ഇന്‍ഫ്രാറെഡും അള്‍ട്രാവയലറ്റും റഡാര്‍ വേവ് ലെങ്തും വരെ കാണാന്‍ സാധിക്കും വിധം സ്വാഭാവിക കാഴ്ച ശക്തിയേക്കാള്‍ ശേഷി കൈവരിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നും മസ്‌ക് പറയുന്നു.
സ്റ്റാര്‍ ട്രെക്ക് ടിവി സീരീസിലെ ജിയോര്‍ഡി ലാ ഫോര്‍ജ് എന്ന കഥാപാത്രത്തിന്റെ ചിത്രവും മസ്‌ക് പങ്കുവെച്ചു. ജന്മനാ കാഴ്ചയില്ലാത്ത ഈ കഥാപാത്രത്തിന് വിവിധ സാങ്കേതിക വിദ്യാ ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ച ലഭിക്കുന്നുണ്ട്.
ഉപകരണം നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കിയതിനൊപ്പം എഫ്ഡിഎയില്‍ നിന്നുള്ള ബ്രേക്ക് ത്രൂ ഡിവൈസ് പദവിയും ന്യൂറാലിങ്കിന്റെ ബ്ലൈന്റ് സൈറ്റ് ഡിവൈസിന് ലഭിച്ചു. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിര്‍ണയത്തിനോ സഹായിക്കുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്കാണ് എഫ്ഡിഎ ബ്രേക്ക്ത്രൂ ഡിവൈസ് പദവി നൽകുക.