ബഹിരാകാശത്ത് ആദ്യ കൊമേർഷ്യൽ- സ്‌പേസ് വാക്ക് നടത്തി ഒരു സ്വകാര്യ കമ്പനി. പൊളാരിസ് ഡൗണ്‍ ദൗത്യത്തിലൂടെ സ്‌പേസ് എക്‌സ് ആണ് ഈ നേട്ടം കൈവരിച്ചത്. ഭൂമിയില്‍ നിന്ന് 650 ൽ ഏറെ കിമീ അകലെയാണ് സ്‌പേസ് വാക്ക് നടത്തിയത്. സ്‌പേസ് എക്‌സ് നടത്തുന്ന ആദ്യ സ്പേസ് വാക്ക് ആണിത്. ഷിഫ്റ്റ്4 സിഇഒ ജാരെഡ് ഐസക്മാന് വേണ്ടി സ്‌പേസ് എക്‌സ് നടത്തുന്ന മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശ യാത്രയാണ് പൊളാരിസ് ഡൗൺ.
ജാരെഡ് ഐസാക്മാന്‍, സ്‌കോട്ട് പൊറ്റീറ്റ്, സാറാ ഗില്ലിസ്, അന്നാ മേനോന്‍ എന്നിവരാണ് ദൗത്യത്തിലുള്ളത്. ഇതിൽ ജാരെഡ് ഐസാക്ക്മാനാണ് ആദ്യം പുറത്തിറങ്ങിയത്. സാറാ ഗില്ലിസ് ആണ് ഐസാക്മാന് പിന്നാലെ പേടകത്തിന് പുറത്തിറങ്ങിയത്.
പൊളാരിസ് ഡൗണ്‍ ദൗത്യ സംഘം
സ്പേസ് എക്സ് വികസിപ്പിച്ച ബഹിരാകാശ വസ്ത്രം ധരിച്ചുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ആണിത്. മണിക്കൂറുകള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ദൗത്യ സംഘം ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ നിന്ന് പുറത്തിറങ്ങിയത്.
അപ്പോളോ ദൗത്യങ്ങള്‍ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനെ ഏറ്റവും കൂടുതല്‍ ദൂരം എത്തിക്കുക എന്ന ലക്ഷ്യം കഴിഞ്ഞ ദിവസം പോളാരിസ് ഡൗണ്‍ പേടകം പൂര്‍ത്തീകരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പേടകം വിക്ഷേപിച്ചത്.