യുഎഇയിലെ പാക് പൗരന്മാർക്കും തൊഴിൽ, വിസിറ്റ് വിസയിൽ എത്തുന്ന പാകിസ്ഥാനികൾക്കുമായി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതിന് പിന്നാലെ പുതിയ നിർദേശം പുറത്തുവന്നിരിക്കുകയാണ്. ടൂറിസ്റ്റ് വിസയിൽ യുഎഇയിലെത്തുന്ന പാക് പൗരന്മാർക്കായി ആണ് പാകിസ്ഥാൻ പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
ടൂറിസ്റ്റ് വിസയിലെത്തുന്നവർ വിമാന ടിക്കറ്റ് വാങ്ങിയ അതേ എയർലൈനിൽ നിന്നുതന്നെ റിട്ടേൺ ടിക്കറ്റും വാങ്ങണമെന്നാണ് പുതിയ നിർദേശം. പുതിയതായുള്ള അനുമതികൾ ലഭിക്കുന്നത് ഒഴിവാക്കാനാണിത്. റിട്ടേൺ ടിക്കറ്റ് മറ്റ് എയർലൈനിൽ നിന്നാണെങ്കിൽ ചെക്ക് ഇൻ സമയത്ത് വിമാന ടിക്കറ്റ് ആദ്യം എടുത്ത കമ്പനിയുടെ അനുമതി വാങ്ങേണ്ടതായി വരും. മാത്രമല്ല വിസിറ്റ് വിസയിൽ പോകുന്നവർ വിസയുടെ കാലാവധിക്കുള്ളിൽ വരുന്ന റിട്ടേൺ ടിക്കറ്റ് തന്നെയാണെന്ന് ഉറപ്പുവരുത്തണം.
വിസയ്ക്കൊപ്പം താമസ സ്ഥലത്തിന്റെ രേഖകൾ, ക്രെഡിറ്റ് കാർഡ്, കയ്യിൽ സൂക്ഷിക്കാനുള്ള പണം, റിട്ടേൺ ടിക്കറ്റ് എന്നിവ കരുതണമെന്നും പാകിസ്ഥാൻ തങ്ങളുടെ പൗരന്മാരോട് അറിയിച്ചു. ഇത്തരം കാര്യങ്ങൾ കൈവശം കരുതാത്തവരെ ബോർഡിംഗ് ചെയ്യാൻ അനുവദിക്കുന്നതല്ല.
സന്ദർശക വിസയിൽ യുഎഇയിലേക്ക് വരുന്ന പാക്കിസ്ഥാനികൾക്ക് റിട്ടേൺ ടിക്കറ്റും 3,000 ദിർഹം ഫണ്ടും ഹോട്ടൽ താമസസൗകര്യവും ഉണ്ടായിരിക്കണമെന്ന് യുഎഇയിലെ പാക് അംബാസിഡർ ഫൈസൽ നിയാസ് തിർമിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ടൂറിസ്റ്റ് വിസയിലായിരിക്കുമ്പോൾ ടൂറിസം മാത്രം ചെയ്യണം.ടൂറിസ്റ്റ് വിസയിലായിരിക്കുമ്പോൾ ജോലി കണ്ടെത്താൻ ശ്രമിക്കരുത്. ജോലി അന്വേഷിക്കുന്നവർ തൊഴിൽ വിസയിൽ യുഎഇയിൽ എത്തണമെന്നും അംബാസിഡർ പറഞ്ഞു. യുഎഇയിൽ നിലവിൽ
1.7 ദശലക്ഷം പാകിസ്ഥാനികളാണുള്ലത്. കൂടാതെ, വിനോദ സഞ്ചാരം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് എല്ലാക്കൊല്ലവും ദശലക്ഷത്തോളം പാക് പൗരന്മാരാണ് യുഎഇയിൽ എത്തുന്നത്.