പ്രവാസികളുടെ ജീവിതം ആദ്യമായി മലയാള സിനിമയുടെ തിരശ്ശീലയിലെത്തിച്ച എഴുത്തുകാരനാണ് എം ടി വാസുദേവൻ നായർ. ഗൾഫിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയുടെ തിരക്കഥ എം ടിയുടേതാണ്. 1980 ൽ പുറത്തിറങ്ങിയ ഈ സിനിമ പുതിയ കലാത്തെ പ്രവാസികൾക്കും ഇന്നത്തെ പ്രവാസികൾക്കും ഒരുപോലെ കണ്ടിരിക്കാൻ കഴിയുന്നുണ്ട് എന്നത് എംടി എന്ന കഥാകാരന്റെ ദീർഘവീക്ഷണമാണ്. എഴുപതുകളുടെ തുടക്കത്തിലാണ് മലയാളികൾ ഗൾഫ് നാടുകളിലേക്ക് കൂട്ടത്തോടെ കുടിയേറാൻ ആരംഭിച്ചത്. കാണാപ്പൊന്നിന്റെ തീരം തേടി കള്ളലോഞ്ചുകളിലും മറ്റും കയറി ഗൾഫ് നാടുകളിൽ എത്തി, അവിടെ കഠിനധ്വാനം ചെയ്ത് പണം സമ്പാദിച്ച് കേരളത്തിൽ തിരിച്ചെത്തി സമ്പന്നരാകുന്നവരുടെ കഥ. പ്രവാസികൾ നേരിടുന്ന പ്രതിസന്ധികൾക്ക് വർത്തമാന കാലത്തും വലിയ മാറ്റങ്ങളൊന്നുമില്ല എന്നത് 44 വർഷം മുമ്പ് എഴുതിയ തിരക്കഥയെ ഇപ്പോഴും കാലിക പ്രസക്തമാക്കുന്നു.