Gulf

പൊതുമാപ്പിൽ നാട്ടിലേക്ക് പോകുന്നവർക്ക് വിലക്കില്ല; വീണ്ടും യു എ ഇയിലേക്ക് തിരിച്ചു വരാം

Published

on

പൊതുമാപ്പിന് അടുത്തമാസം ഒന്നുമുതൽ അപേക്ഷിക്കാം.അപേക്ഷിക്കേണ്ടത് ഗവ. അംഗീകൃത ടൈപ്പിങ് സെന്ററുകൾ വഴി

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ആജീവനാന്ത വിലക്കില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐ‍ഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിയമപരമായ വീസയിൽ എപ്പോൾ വേണമെങ്കിലും യുഎഇയിലേക്കു തിരിച്ചു വരാം. പല ജിസിസി രാജ്യങ്ങളിലും വീസ നിയമം ലംഘിച്ച് പൊതുമാപ്പിൽ രാജ്യം വിട്ടാൽ പിന്നീട് തിരിച്ചുവരാനാകില്ല. കഴിഞ്ഞ പൊതുമാപ്പിന് യുഎഇ നിശ്ചിത കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

താമസവീസ നിയമം ലംഘിച്ചവർക്ക് പിഴയും നിയമ നടപടികളും പൂർണമായി ഒഴിവാക്കിയാണ് പൊതുമാപ്പ് അനുവദിക്കുന്നത്. വീസ രേഖകൾ നിയമപരമാക്കിയാൽ രാജ്യത്തു തുടരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വീസ നിയമ ലംഘകർ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ പ്രചാരണ പരിപാടികൾ നടത്തണമെന്ന് ഇമിഗ്രേഷൻ അഡ്വൈസർമാർക്കും സോഷ്യൽ വർക്കർമാർക്കും ഐസിപി നിർദേശം നൽകി. ഭാവിയിൽ ഒരു തരത്തിലുമുള്ള വിലക്ക് നേരിടില്ലെന്ന ഉറപ്പ് അനധികൃത താമസക്കാർക്ക് നൽകണമെന്നും നിർദേശത്തിലുണ്ട്.

പുതിയ താമസ വീസയോ ജോലിക്കുള്ള ഓഫർ ലെറ്ററോ ഉണ്ടെങ്കിൽ പൊതുമാപ്പിൽ രാജ്യം വിട്ടവർക്ക് തിരിച്ചുവരാം. പൊതുമാപ്പിലൂടെ രേഖകൾ നിയമാനുസൃതമാക്കുമ്പോൾ തന്നെ റസിഡൻസി വീസയ്ക്ക് അപേക്ഷിക്കാം. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ടെന്റുകളോ മറ്റു കേന്ദ്രങ്ങളോ  പ്രത്യേകമായി ഒരുക്കില്ല, പകരം ടൈപ്പിങ് സെന്ററുകൾ വഴിയാണ് നടപടികൾ പൂർത്തിയാക്കുക. ടൈപ്പിങ് സെന്ററുകളുമായി സെപ്റ്റംബർ മുതൽ ബന്ധപ്പെടാം. ജനങ്ങൾക്ക് എളുപ്പം ബന്ധപ്പെടാവുന്ന കേന്ദ്രങ്ങൾ എന്ന നിലയിലാണ് സർക്കാർ അംഗീകൃത ടൈപ്പിങ് സെന്ററുകളെ ചുമതല ഏൽപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version