പുതുവത്സര തലേന്ന് രാത്രി പ്രത്യേക ജലഗതാഗതം ഉണ്ടാകുമെന്ന് ആർ ടി എ അറിയിച്ചു. ദുബൈ ഫെറി, അബ്ര, വാട്ടർ ടാക്സി എന്നിവയിൽ ഉൾപ്പടെ പ്രത്യേക ഓഫറുകളും സേവനങ്ങളും ഉണ്ടാകും. ദുബൈ ഫെറി സർവീസുകൾ മറീന മാൾ സ്റ്റേഷൻ (ദുബൈ മറീന), അൽ ഗുബൈബ സ്റ്റേഷൻ, ബ്ലൂവാട്ടർ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് രാത്രി പത്തിനും 10.30നും ഇടയിൽ പുറപ്പെടും. പുലർച്ചെ 1.30ന് സമാപിക്കും. സിൽവർ ക്ലാസിന് 350 ദിർഹവും ഗോൾഡ്
ക്ലാസിന് 525 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. രണ്ട് മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം കിഴിവ് ലഭിക്കും. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശനം നൽകും.
വാട്ടർ ടാക്സി സേവനങ്ങൾ മറീന മാൾ സ്റ്റേഷനിൽ നിന്ന് (ദുബൈ മറീന) പുറപ്പെടും. ഒരു മുഴുവൻ വാട്ടർ ടാക്സിയുടെ ചാർട്ടർ നിരക്ക് 3,750 ദിർഹമായി സജ്ജീകരിച്ചിരിക്കുന്നു.’ അൽ ജദ്ദാഫ്, അൽ ഫാഹിദി, അൽ ഗുബൈബ, മറീന മാൾ (മറീന) മറൈൻ സ്റ്റേഷനുകളിൽ നിന്നാണ് അബ്റ സർവീസുകൾ പുറപ്പെടുക. ഒരാൾക്ക് 150 ദിർഹം ആണ് ടിക്കറ്റ് നിരക്ക്, രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വാട്ടർ ടാക്സി, അബ്ര സർവീസുകൾ രാത്രി പത്തിനും 10.30നും ഇടയിൽ ആരംഭിച്ച് പുലർച്ചെ 1.30ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്, വിളിക്കുക (8009090) അല്ലെങ്കിൽ marinebooking@rta.ae m ഇമെയിലിൽ അപേക്ഷിക്കുക.