രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്ന വ്യാജ ഷോപ്പിങ് സൈറ്റുകള്‍ വ്യാപകം. ഇത്തരം സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ കാശ് പോകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറില്‍ വിളിച്ച് പൊലീസിനെ വിവരം അറിയിക്കണംമെന്നും പൊലിസ് അഭ്യര്‍ഥിച്ചു. 155 വ്യാജ വെബ്സൈറ്റുകള്‍ പൊലിസിന്റെ സൈബര്‍ വിങ് നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചിരിക്കുകയാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകള്‍ ഈ ആഴ്ച ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവക്ക് വന്‍ വിലക്കുറവില്‍ വില്പന നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പുകാര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.
യഥാര്‍ത്ഥ വെബ്സൈറ്റാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്‍പന. ഇവ സന്ദര്‍ശിച്ച് ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. വളരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും നിയമസാധുതയും പരിശോധിച്ചു മാത്രമേ അവയിലൂടെ ഓര്‍ഡര്‍ നല്‍കാനും പണം കൈമാറ്റം ചെയ്യാനും ശ്രമിക്കാവൂ. വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയുന്നതിന് വെബ്സൈറ്റ് വിലാസം സൂക്ഷ്മമായി പരിശോധിക്കണം. വാട്ട്സാപ്പ്, എസ് എം എസ്, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഇ-കോമേഴ്സ് വെബ്സൈറ്റുകളില്‍ പ്രവേശിക്കരുതെന്നും പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്.