ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിനടിയില്‍ ജലത്തിന്റെ ശേഖരമുണ്ടെന്നതിന് തെളിവ് കണ്ടെത്തി നാസ. നാസയുടെ മാര്‍സ് ഇന്‍സൈറ്റ് ലാന്ററിന്റെ സഹായത്തോടെയാണ് ഈ കണ്ടെത്തല്‍. 2018 മുതല്‍ ചൊവ്വയിലുള്ള ലാന്റര്‍ നാല് വര്‍ഷമായി ചൊവ്വയുടെ ഭൂഗര്‍ഭ വിവരങ്ങള്‍ ശേഖരിച്ചു. 2022 ലാണ് ഈ ദൗത്യം അവസാനിച്ചത്. ലാന്റര്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ചൊവ്വയുടെ ഉപരിതലത്തിനടിയില്‍ ആഴത്തില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് അനിവാര്യമായ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയില്‍ തടാകങ്ങളും നദികളും സമുദ്രങ്ങളും ഉണ്ടായിരുന്നുവെന്നാണ് ഭൂമിശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യനോഗ്രഫിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ചൊവ്വയുടെ ഉപരിതലത്തിന് 11.5 കിമീ മുതല്‍ 20 കിമീ വരെ ആഴത്തില്‍ വലിയ അളവില്‍ ജലശേഖരമുണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് പ്രയോജനപ്പെടുത്തുക പ്രയാസമാണ്. കാരണം ചൊവ്വയില്‍ ഇത്രയും ആഴത്തില്‍ കുഴിക്കാന്‍ നിലവില്‍ മനുഷ്യന് സാധിക്കില്ല.
പുരാതനകാലത്ത് ചൊവ്വയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമുദ്രങ്ങൾ നിറയ്ക്കാൻ ആവശ്യമുള്ളതിനേക്കാൾ കൂടുതൽ അളവിൽ ജലം ഉപരിതലത്തിനടിയിലുണ്ടെന്നും പഠനം പറയുന്നു. ഭൂമിയിലെ ഉപരിതലത്തിലുള്ള ജലം ഭൂഗർഭാഗത്തേക്ക് ആഴ്‌നിറങ്ങിയത് പോലെ ഉപരിതല താപനില വർധിച്ചപ്പോൾ ചൊവ്വയിലും അത് സംഭവിച്ചിട്ടുണ്ടാവുമെന്നും ഗവേഷകർ പറയുന്നു. ഇത് നിലവിലുള്ള ധാരണങ്ങളെ തിരുത്തുന്ന നിരീക്ഷണമാണ്. മുമ്പ് ചൊവ്വയിലെ കാന്തിക വലയം തകർന്നതോടെ അന്തരീക്ഷം ഇല്ലാതാവുകയും ജലം ബഹിരാകാശത്തേക്ക് ബാഷ്പീകരിക്കപ്പെട്ട് നഷ്‌ടമാവുകയും ചെയ്തുവെന്നാണ് ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്.