പ്രവാസി വിദ്യാർഥികളിൽനിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കി കേന്ദ്ര സർക്കാറിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ് (എൻ.ഒ.ഐ.എസ്). സെക്കൻഡറി തല തുല്യത പരീക്ഷ എഴുതാൻ 1800 രൂപയുടെ പരീക്ഷ ഫീസിന് പകരം ഗൾഫിലെ പഠിതാക്കളിൽ നിന്ന് ഈടാക്കുന്നത് ഏതാണ്ട് 70,000 രൂപ. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 80,000 രൂപയാണ് ഫീസ്. തുടർപഠനത്തിന് ശ്രമിക്കുന്ന ഗൾഫ് പ്രവാസികളെ ഫീസിലെ ഈ അന്തരം വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂളിങ്ങിന്റെ വെബ്സൈറ്റിലാണ് പ്രവാസി വിദ്യാർഥികൾ തുടർ പഠനത്തിന് നൽകേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഡോളർ അടിസ്ഥാനമാക്കിയാണ് ഗൾഫിലെ വിദ്യാർഥികളുടെ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച് വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസിന്റെ തുല്യത പരീക്ഷയെഴുതാൻ നാട്ടിലെ വിദ്യാർഥികളിൽനിന്ന് ഓപൺ സ്കൂൾ ഈടാക്കുന്നത് 1800 രൂപമാത്രമാണ്. എന്നാൽ, ഗൾഫ് നാടുകളിൽനിന്ന് ഇതേ പരീക്ഷയെഴുതുന്നവർ നൽകേണ്ട ഫീസ് 840 ഡോളർ അഥവാ 70,000 രൂപയിലേറെയാണ്. 38 മടങ്ങ് ഉയർന്ന തുകയാണ് ഗൾഫിലെ പഠിതാക്കളിൽനിന്ന് കേന്ദ്ര സർക്കാർ ഈടാക്കുന്നത്. പല കാരണങ്ങളാൽ പഠനം മുടങ്ങി പ്രവാസത്തിലേക്ക് എത്തിയ സാധാരണക്കാരാണ് തുടർപഠനം എന്ന സ്വപ്നവുമായി നാഷനൽ ഓപൺ സ്കൂളിനെ ആശ്രയിക്കുന്നത്.
ഫീസിലെ ഈ അന്തരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ പ്രവർത്തകർ കഴിഞ്ഞദിവസം ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന് പരാതി നൽകിയിട്ടുണ്ട്. ഉയർന്ന ഫീസിനേക്കാൾ ലാഭം നാട്ടിലേക്കുള്ള വിമാന ടിക്കറ്റാണ് എന്നതിനാൽ അവധിയെടുത്ത് നാട്ടിൽ പോയി പരീക്ഷയെഴുതേണ്ട ഗതികേടിലാണ് ഗൾഫിലെ പഠിതാക്കളെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇർഫാദ് പറഞ്ഞു