ദുബൈ: ശനിയാഴ്ച രാത്രിയുണ്ടായ ചെറിയ തീപിടിത്തത്തെ തുടർന്ന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ ചെക്ഇൻ നടപടികൾ താൽകാലികമായി മുടങ്ങി. രാത്രി 10.15ഓടെ എക്സ് അക്കൗണ്ട് വഴിയാണ് തീപിടുത്തം സംബന്ധിച്ച് അധികൃതർ വിവരം പുറത്തുവിട്ടത്.
എന്നാൽ 40മിനുറ്റിന് ശേഷം ചെക്ഇൻ പുനരാരംഭിച്ചതായും പ്രവർത്തനം സാധാരണ നിലയിലായതായും അധികൃതർ അറിയിച്ചു. തീപിടുത്തം അതിവേഗം എയർപോർട് അഗ്നിശമന വിഭാഗം നിയന്ത്രണ വിധേയമാക്കുകയായിരുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും സാഹചര്യം സാധാരണനിലയിലാക്കാൻ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്നതായും ആദ്യ അറിയിപ്പിൽ അധികൃതർ പറഞ്ഞു. എന്നാൽ, തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.