Gulf

ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കായി പുതിയ ‘ആപ്പ്’ അവതരിപ്പിച്ച് കസ്റ്റംസ് ഓൺലൈൻ ഡെസ്ക്

Published

on

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ഇൻസ്പെക്ടർമാരുടെ ടീമിനെ വിപുലീകരിച്ചതായി ദുബായ് കസ്റ്റംസ് അറിയിച്ചു. വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചിട്ടുണ്ട്.

ഡിസംബർ 13നും 31നും ഇടയിൽ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമെന്ന് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ട് (DXB) അധികൃതർ  നേരത്തെ പറഞ്ഞിരുന്നു. പ്രതിദിനം ശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 20 മുതൽ 22 വരെയുള്ള വാരാന്ത്യത്തിൽ 880,000 യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്ന് കണക്കാക്കപ്പെടുന്നു.

യാത്രാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ദുബായ് കസ്റ്റംസ് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിക്കുകയും തിരക്കേറിയ അവധിക്കാല യാത്രാ സീസൺ പരിഗണിച്ച് ഇൻസ്പെക്ഷൻ ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവധിദിനങ്ങളും ആഘോഷങ്ങളും പോലുള്ള തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തിക്കൊണ്ട് സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന കാര്യക്ഷമമായ സമീപനമാണ് കസ്‌റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബായ് കസ്‌റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ട‌ിങ് ഡയറക്‌ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version