നിയന്ത്രണം വിട്ട് കപ്പൽ ചാലിൽ വീണ കാർ യാത്രക്കാരെ ദുബൈ പൊലീസിന്റെ സമുദ്ര രക്ഷസേന വിഭാഗം രക്ഷപ്പെടുത്തി. ബർ ദുബൈയിലെ അൽ ജദ്ദാഫ് ഏരിയയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. സംഭവം നടക്കുമ്പോൾ രണ്ടുപേർ കാറിലുണ്ടായിരുന്നതായി പോർട്ട് പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. കപ്പൽ ചാലിലേക്ക് വീണ കാർ നങ്കൂരമിട്ട യോട്ടുമായി കൂട്ടിയിടിക്കുകയും തുടർന്ന് കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തകരുകയും ചെയ്തു.
ഇതുവഴി യാത്രക്കാർക്ക് സുരക്ഷിതമായി പുറത്തുകടക്കാനായതായി പൊലീസ് അറിയിച്ചു. ഉച്ചക്ക് 2.20നാണ് പൊലീസിന് വിവരം ലഭിക്കുന്നത്.സമുദ്ര രക്ഷ സേന, ലോക്കൽ പട്രോൾ യൂനിറ്റുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടവർ രക്ഷപ്പെട്ടതായി വിവരം ലഭിച്ചതിനാൽ ക്രെയിൻ ഉപയോഗിച്ച് കടലിൽനിന്ന് കാർ പുറത്തെടുക്കുകയായിരുന്നു.