Gulf

ദുബായ് ജിഡിആർഎഫ്എ കലയാൻ ആഘോഷത്തിൽ സേവനങ്ങൾ പരിചയപ്പെടുത്തി

Published

on

ദുബായ്: ഫിലിപ്പീൻസിന്റെ 127-ാമത് സ്വാതന്ത്ര്യ ദിനാഘോഷമായ “കലയാൻ 2025” ആഘോഷത്തിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) തങ്ങളുടെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തി. യുഎഇയിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരുമായി മികച്ച സാംസ്കാരിക ബന്ധം സ്ഥാപിക്കുന്നതിനും ദുബായിലെ വിവിധ വിസ, സ്മാർട്ട് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഈ പരിപാടി. യുഎഇ പ്രഖ്യാപിച്ച ‘ഇയർ ഓഫ് കമ്മ്യൂണിറ്റി 2025’ യുടെ ഭാഗമായാണ് ജി ഡി ആർ എഫ് എ ഈ ആഘോഷത്തിൽ പങ്കെടുത്തത്.

യുഎഇ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ആഘോഷത്തിൽ 30,000-ത്തിലധികം ഫിലിപ്പീൻസ് സ്വദേശികൾ പങ്കെടുത്തു. പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ, സന്ദർശകർക്കായി വീഡിയോ കോൾ സേവനം, ഗോൾഡൻ വിസ സേവനം, മറ്റ് ഇതര സേവനങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. കൂടാതെ കുട്ടികളെ ആകർഷിച്ചുകൊണ്ട് ഡയറക്ടറേറ്റിന്റെ കാർട്ടൂൺ കഥാപാത്രങ്ങളായ “സലേം”, “സലാമ” എന്നിവയുടെ സാന്നിധ്യവും ഉണ്ടായി. കാണികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംവേദനാത്മക ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

സന്ദർശകരെ ഏറെ ആകർഷിച്ച ഈ ആഘോഷത്തിൽ, യുഎഇയും ഫിലിപ്പീൻസും തമ്മിലുള്ള ആഴമേറിയ ബന്ധവും രാജ്യത്തിന്റെ വികസനത്തിൽ ഫിലിപ്പീനോ സമൂഹം വഹിക്കുന്ന പ്രധാന പങ്കും പ്രദർശിപ്പിച്ചു. “യുഎഇയിൽ വസിക്കുന്ന വിവിധ സംസ്കാരങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുക എന്നത് ഒരു സാമൂഹിക നിക്ഷേപമാണ്. ഫിലിപ്പീനോ സമൂഹം രാജ്യത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു,”ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version