അധികം വൈകാതെ ദുബൈ നഗരത്തിലൂടെ ട്രാക്കില്ലാതെയും ട്രാമുകൾ ഓടിത്തുടങ്ങും. റെയിലുകൾക്ക് പകരം വെർച്വൽ ട്രാക്കുകളിലൂടെയായിരിക്കും വൈദ്യുതി ഊർജത്തിൽ പ്രവർത്തിപ്പിക്കാവുന്ന ട്രാമുകൾ ഓടിക്കുക. നഗരത്തിൽ എട്ടിടത്ത് പദ്ധതി നടപ്പാക്കാനാണ് ആലോചന.
ഇതിന്റെ സാധ്യത പഠിക്കാൻ ദുബൈ റോഡ് ഗതാഗത അതോറിറ്റിയോട് (ആർ.ടി.എ) ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചിരിക്കുകയാണ്.
ദുബൈ ട്രാമിന്റെ പത്താം വാർഷിക ദിനത്തിലാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം. എമിറേറ്റിൽ കാർബൺ രഹിതമായ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി
പരമ്പരാഗത ട്രാമുകളെ അപേക്ഷിച്ച് വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാവുന്ന സ്വയം നിയന്ത്രിത ട്രാമുകൾ വേഗത്തിൽ നിർമിക്കാനാവുമെന്നതാണ് സവിശേഷത. കൂടാതെ താരതമ്യേന നിർമാണ ചെലവും കുറവാണ്. ഓരോ ട്രാമിനും 300 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് കോച്ചുകൾ വീതം ഉണ്ടാകും