ദുബായ്∙ ദുബായിൽ ഏഴ് ഇന്ത്യൻ തൊഴിലാളികൾ കഴിഞ്ഞ ഒരാഴ്ചയായി ദുരിതത്തിൽ. ദുബായ് ദെയ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന തമിഴ്നാട് സ്വദേശിയുടെ ടെക്നിക്കൽ സർവീസസ് കമ്പനിയിലെ പെയിന്‍റിങ് തൊഴിലാളികളായ ഇവർ തൊഴിലുടമ മുങ്ങിയതോടെ പെരുവഴിയിലായി. കനത്ത ചൂട് സഹിച്ച്, ഭക്ഷണംപോലുമില്ലാതെ മുഹൈസിന(സോണാപൂർ)യിലെ തെരുവോരങ്ങളിൽ രാപ്പകൽ കഴിച്ചുകൂട്ടുന്നത്. ഇതുസംബന്ധമായി ഇന്ത്യൻ കോൺസുലേറ്റിന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് തൊഴിലാളികളിലൊരാളായ സുരേഷ് കുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ദുബായ് ലേബർ കോടതിയിലും പരാതി നൽകി നടപടികൾക്കായി കാത്തിരിക്കുകയാണിവർ യാചകരെ പോലെ തെരുവിൽ. ഒരു ലക്ഷത്തോളം രൂപ നൽകി 8 മാസം മുൻപാണ് 14 അംഗ സംഘം സന്ദർശക വീസയിൽ യുഎഇയിലെത്തിയതാണ്. തമിഴ് നാട്ടിലെ തിരുച്ചി, തിരുനൽവേലി, രാമനാട് സ്വദേശികളായ ഇവർക്ക് പെയിന്‍റിങ് ആയിരുന്നു പ്രധാന ജോലി. താമസ സൗകര്യം ലഭിച്ചെങ്കിലും ഭക്ഷണത്തിനും മറ്റു ചെലവുകളും സ്വയം വഹിക്കണം. എന്നാൽ ബാക്കി വരുന്ന തുക നാട്ടിലെ കുടുംബത്തിന് അയച്ചുകൊടുത്ത് അവരുടെ സന്തോഷം ഉറപ്പുവരുത്തിയതോടെ എല്ലാവരും സമാശ്വസിച്ചു. പിന്നീട് ശമ്പളം കൃത്യമായി ലഭിച്ചില്ല. ചോദിക്കുമ്പോൾ നൂറോ ഇരുനൂറോ ദിർഹം നൽകും.ഇതോടെ മിക്കവരുടെയും കുടുംബം നാട്ടിൽ പട്ടിണിയിലും ദുരിതത്തിലുമായി.
എങ്കിലും, ഈ മാസം(ജൂലൈ) 3 വരെ എല്ലാവരും ജോലി ചെയ്തു. 4ന് ലേബർ കോടതിയെ സമീപിച്ച് ശമ്പള കുടിശ്ശിക ലഭിക്കാനും പാസ്പോർട്ട് തിരികെ ലഭിക്കാനും പരാതി നൽകി. ഇതിനിടെ മൂന്ന് പേർ സന്ദർശക വീസ തീർന്നപ്പോൾ നാട്ടിലേക്ക് തിരിച്ചുപോയി. 4 പേരെ കമ്പനി തിരിച്ചുവിളിച്ചതനുസരിച്ച് അവർ ജോലിയിൽ വീണ്ടും പ്രവേശിച്ചു. ഏഴ് പേർ എന്തു ചെയ്യണമെന്ന് അറിയാതെ താമസ സ്ഥലത്ത് തന്നെ കഴിഞ്ഞുകൂടി. എന്നാൽ, ഒരാഴ്ച മുൻപ് ഇവരെ കമ്പനിയധികൃതർ താമസ സ്ഥലത്ത് നിന്ന് ഒഴിവാക്കിയതോടെ തൊഴിലാളികൾ പെരുവഴിയിലായി.