ജി.സി.സി. രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ. സന്ദര്‍ശിക്കാൻ ഇലക്ട്രോണിക് വിസ നിര്‍ബന്ധമാക്കി. യു.എ.ഇയില്‍ എത്തുന്നതിന് മുമ്പ് ഇ-വിസ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിസ ലഭിക്കുന്നതിനുള്ള എട്ട് നിബന്ധനകളും അധികൃതര്‍ പ്രഖ്യാപിച്ചു.
ദുബായ് ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റ് വഴിയും യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റിയുടെ വെബ്‌സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തിലേക്ക് ഇ-വിസ അയച്ചുതരും
ജി.സി.സിയില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കൂടെയില്ലെങ്കില്‍ ബന്ധുക്കള്‍ക്കും ആശ്രിതര്‍ക്കും ഇ-വിസ ലഭിക്കില്ല. രാജ്യത്ത് 30 ദിവസം താമസിക്കാവുന്നതാകും ഇലക്ട്രോണിക് വിസ. അടുത്ത 30 ദിവസത്തേക്കൂടി താമസം നീട്ടാനും അവസരമുണ്ടാകും. ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളില്‍ യു.എ.ഇയിലെത്തണം.
വിസ ഇഷ്യൂ ചെയ്ത ശേഷം തൊഴിലില്‍ മാറ്റം വന്നാല്‍ പുതിയ വിസ എടുക്കണം. പാസ്‌പോര്‍ട്ടിന് മിനിമം ആറുമാസത്തെ കാലാവധിയും ജി.സി.സി രാജ്യത്തെ താമസ രേഖയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദേശം.