ദീര്‍ഘകാല വര്‍ക്ക് വിസ നല്‍കാനുള്ള നടപടി സമയം കുറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജര്‍മനി. സാധാരണ നിലക്ക് ഒന്‍പതു മാസമെടുക്കും. ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികള്‍ക്ക് ഇനി രണ്ടാഴ്ച കൊണ്ട് ദീര്‍ഘകാല വര്‍ക്ക് വിസ അനുവദിക്കുമെന്നാണ് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിദഗ്ധ തൊഴിലാളികളെ കൂടുതലായി ജര്‍മനിക്ക് അടിയന്തരമായി ആവശ്യമുണ്ടെന്ന് വിദേശകാര്യ മന്ത്രി അന്നലീന ബാര്‍ബോക് പറഞ്ഞു. ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം ആറു ലക്ഷത്തോളം വേക്കന്‍സികള്‍ ജര്‍മനിയിലുണ്ട്. വര്‍ക്ക് വിസ നല്‍കാനുള്ള കാലതാമസം വിദഗ്ധ തൊഴിലാളികളുടെ പരിശീലനത്തെയും ബാധിച്ചിരുന്നു. ജര്‍മനിയില്‍ വലിയ നിക്ഷേപമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് സ്വന്തം വിദഗ്ധരെ എത്തിക്കാന്‍ വേഗത്തില്‍ വര്‍ക്ക് വിസ അനുവദിച്ചു കിട്ടേണ്ടതുമുണ്ട്.
ജര്‍മനിക്ക് നഷ്ടം ചില്ലറയല്ല ഒഴിവുകള്‍ നികത്താന്‍ വൈകുന്നത് മൂന്നു വര്‍ഷം കൊണ്ട് ജര്‍മന്‍ സമ്പദ്‌വ്യവസ്ഥക്ക് 7,400 കോടി യൂറോയുടെ (6.82 ലക്ഷം കോടിയോളം രൂപ) നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജൂണ്‍ വരെ 80,000 വര്‍ക്ക് വിസ ജര്‍മനി നല്‍കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ ഫോറിന്‍ ഓഫീസിന്റെ കണക്ക്. ഇതില്‍ പകുതി വിദഗ്ധ തൊഴിലാളികളാണ്.