Gulf

ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിമിന്‍റെ നൃത്ത വിദ്യാലയം ദുബായിൽ പ്രവർത്തനമാരംഭിച്ചു

Published

on

പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിമിന്‍റെ നൃത്ത വിദ്യാലയം ‘ഷംന കാസിം ഡാൻസ് സ്റ്റുഡിയോ’ ദുബായ് അൽ നഹ്ദയിൽ പ്രവർത്തനം തുടങ്ങി. ഷംനയുടെ മാതാവ് റൗലാബി കാസിം ഉദ്ഘാടനം ചെയ്തു. നുസ്മ അയ്യൂരിന്‍റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഈ സംരംഭം തന്‍റെ ബാല്യകാല സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണെന്ന് ഷംന പറഞ്ഞു. നൃത്തം പഠിച്ചുതുടങ്ങിയ കാലഘട്ടം മുതൽ നൃത്താധ്യാപികയാവണമെന്നായിരുന്നു ആഗ്രഹമെന്ന് അവർ പറഞ്ഞു.

അൽ നഹ്ദ പ്ലാറ്റിനം ബിസിനസ് സെന്‍ററിൽ പ്രവർത്തിക്കുന്ന ഷംന കാസിം ഡാൻസ് സ്കൂളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സെമി-ക്ലാസിക്കൽ, ബോളിവുഡ്, ഡാൻസ് ഫിറ്റ്നസ് എന്നിവയുൾപ്പെടെ വിവിധ നൃത്തരൂപങ്ങൾ അഭ്യസിക്കാനുള്ള അവസരമുണ്ട്.

ഓരോ കോഴ്‌സിലും ആഴ്ചയിൽ രണ്ട് ക്ലാസുകൾ വീതം പ്രതിമാസം എട്ട് സെഷനുകൾ ഉണ്ടാവും. ചൊവ്വ മുതൽ ഞായർ വരെ രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം. നാല് വയസ് മുതലുള്ളവർക്ക് പ്രവേശനം ലഭിക്കും. ആൺകുട്ടികൾക്ക് 15 വയസ് വരെ മാത്രമേ പരിശീലനം നൽകൂ എന്ന് ഷംന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികൾക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുമെന്നും അവർ അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള പ്രഗത്ഭരായ അദ്ധ്യാപകർക്കൊപ്പം താനും മുഴുവൻ സമയ അദ്ധ്യാപികയായി ഒപ്പമുണ്ടാവുമെന്നും അവർ പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ഷംനയുടെ കലാ ജീവിതത്തിന് വഴികാട്ടിയായി ഒപ്പം നിന്ന മാതാവ് റൗലാബി കാസിമിനെ ഉദ്‌ഘാടന ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version