ഇന്ത്യൻ തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരിച്ച സംഭവത്തിൽ ഇവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. തങ്ങളുടെ കമ്പനിയുടെ അജ്‌മാൻ ആസ്ഥാനത്തേക്ക് സൗജന്യമായി ലഭിക്കുന്ന അരിയും പയറും ഉൾപ്പെടെയുള്ളവ ശേഖരിച്ച് മടങ്ങിയ തൊഴിലാളികളാണ് രാത്രി എട്ടു മണിയോടെ ഘോർഫുക്കാന് സമീപം അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടമായതാണ് വൻ അപകടത്തിലേക്ക് നയിച്ചത്. 70 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് വരികയാണെന്നും ലോക്കൽ അതോറിറ്റികളുമായി ബന്ധപ്പെട്ട് കഴിയാവുന്ന സഹായങ്ങൾ ഉറപ്പാക്കുമെന്നും ദുബൈ കോൺസുലേറ്റ് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഞങ്ങളുടെ ഉദ്യോഗസ്ഥർ പരുക്കേറ്റവരെ ആശുപത്രയിൽ സന്ദർശിച്ചിരുന്നതായും കോൺസുലേറ്റ് അറിയിച്ചു.
മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായും എംബാമിങ് ഉൾപ്പെടെയുള്ളവ അവസാനിച്ചാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുമെന്നും മരിച്ചവരുമായും പരുക്കേറ്റവരുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎംസിസിയുടെ ഘോർഫുക്കാൻ മേഖലാ ചെയർമാൻ എസ് മദനി അറിയിച്ചു.