ദുബൈ: ദുബൈയിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 29ാമത് സീസണിലേക്ക് സംരംഭകരെ ക്ഷണിച്ചു. ചെറുകിട ഔട്ട്ലറ്റുകൾ, ഗസ്റ്റ് സർവിസ്, കിയോസ്കുകൾ, ട്രോളി സർവിസ് എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്ന സംരംഭകർ ഈ മാസം 25 മുതൽ രജിസ്റ്റർ ചെയ്യണം.
ആഗസ്റ്റ് രണ്ടാണ് അവസാന തീയതി ചെറുകിട വ്യവസായ രംഗത്ത് വ്യത്യസ്തമായ ആശയങ്ങൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് കസ്റ്റമൈസ്ഡ് കിയോസ്കുകൾ മുതൽ ജീവനക്കാർക്ക് വിസ നേടാനുള്ള സഹായം വരെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നത്. 1997ൽ ആഗോള ഗ്രാമം ദുബൈയിൽ തുടക്കമിട്ടതു മുതൽ ഇതുവരെ 10 കോടി പേർ സന്ദർശിച്ചുവെന്നാണ് കണക്ക്. 28ാമത് സീസണിൽ മാത്രം സന്ദർശിച്ചത് ഒരു കോടി പേരാണ്. ലോകമെമ്പാടുമുള്ള 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 27 പവിലിയനുകളും 3,500ലധികം ഷോപ്പിങ് ഔട്ട്ലറ്റുകളും 250ലധികം ഡൈനിങ് ഒപ്ഷനുകളും സീസൺ 28 ആതിഥേയത്വം വഹിച്ചു. ലോകത്തെ പ്രശസ്തരായ 400ലധികം കലാ കാരന്മാരുടെ പ്രകടനങ്ങൾക്കും ഗ്ലോബൽ വില്ലേജ് വേദിയായിരുന്നു. കൂടാതെ ഓരോ രാത്രിയിലും 200ലധികം പ്രകടനങ്ങൾ പ്രദർശിപ്പിക്കുകയും ചെ യ്തു.