നവംബർ 26ന് തുടങ്ങുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് മൂന്നാം പതിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. സന്ദർശകർക്കും പ്രാദേശിക, രാജ്യാന്തര മാധ്യമ പ്രതിനിധികൾക്കും ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാമെന്ന് സംഘാടക സമിതി അറിയിച്ചു. അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് (അഡ്നെക്) സമ്മേളനം. എമിറേറ്റ്സ് ന്യൂസ് ഏജൻസിയുടെ (വാം) പങ്കാളിത്തത്തോടെ അഡ്നെക് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആഗോള വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളുണ്ടാകും. മാധ്യമ മേഖലയുടെ ഭാവി, നിർമിത ബുദ്ധിയുടെ (എഐ) പങ്ക്, നൂതന സാങ്കേതികവിദ്യകൾ, വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അത്യാധുനിക നവീകരണങ്ങൾ തുടങ്ങി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും മാധ്യമ വ്യവസായത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതന സംവിധാനങ്ങളും സമ്മേളനത്തിൽ അടുത്തറിയാമെന്നും സംഘാടകർ അറിയിച്ചു.