സോളിലെ മിസ് യൂണിവേഴ്സ് കൊറിയ മത്സരവേദി. അണിനിരന്ന 30 സുന്ദരിമാര്‍ക്കിടയിലൂടെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ചോയ് സൂന് ഹ്വാ കടന്നുവന്നു. മുത്തുകള്‍ പിടിപ്പിച്ച വെള്ളഗൗണ്‍ ധരിച്ച്, ഭംഗിയുള്ള വെള്ളമുടിയോടെ, ആത്മവിശ്വാസത്തോടെ സൂന് വന്നപ്പോള്‍, അതൊരു ചരിത്രനിമിഷമായി. കാരണം ആദ്യമായിട്ടാണ് 80 വയസ്സുള്ളൊരു സ്ത്രീ മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഏറ്റവും പ്രായംകൂടിയ മിസ് യൂണിവേഴ്സ് കൊറിയ എന്ന ടൈറ്റിലായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആളുകളുടെ മനസ്സിലിടം പിടിച്ചാണ് അവര്‍ തിരിച്ചുപോയത്. ഒപ്പം ബെസ്റ്റ് ഡ്രസ്സര്‍ അവാര്‍ഡും.
ആരോഗ്യമേഖലയിലായിരുന്നു സൂന് ജോലി ചെയ്തിരുന്നത്. വിരമിച്ചശേഷം 72-ാം വയസ്സുമുതലാണ് അവര്‍ മോഡലിങ്ങിലേക്ക് തിരിയുന്നത്. ജീവിക്കാന്‍വേണ്ടി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു മോഡലിങ്ങില്‍ വന്നത്. എന്നാല്‍, നല്ല വസ്ത്രങ്ങളിട്ട്, ഫാഷന്‍ റണ്‍വേയിലൂടെ നടന്നുതുടങ്ങിയപ്പോള്‍ അവര്‍ക്കത് ആവേശമായി മാറി.അതിനിടയിലാണ് മിസ് യൂണിവേഴ്സ് കൊറിയ മത്സരത്തിലേക്കെത്തുന്നത്.
18 മുതല്‍ 28 വയസ്സ് വരെയുള്ളവര്‍ക്ക് മാത്രമായിരുന്നു നേരത്തെ മത്സരിക്കാനുള്ള അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഈയടുത്ത് ഉയര്‍ന്ന പ്രായപരിധി എടുത്തുമാറ്റിയിരുന്നു. അതിനൊപ്പം സ്വിംസ്യൂട്ട് റൗണ്ടും അധികൃതര്‍ എടുത്തുമാറ്റി. വിദ്യാഭ്യാസയോഗ്യത, നീളം എന്നിവയും വേണ്ടെന്നുവെച്ചിട്ടുണ്ട്. കൂടുതല്‍ സ്ത്രീകളെ മത്സരത്തിലേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം.
1952-ലാണ് കൊറിയയിൽ ആദ്യമായി മിസ് യൂണിവേഴ് കൊറിയ മത്സരം നടക്കുന്നത്. അതിനും എട്ടുവർഷം മുമ്പാണ് സൂനിന്റെ ജനനം. വിജയിക്കുക എന്നതിനേക്കാൾ ആളുകൾക്ക് പ്രചോദനമാവുക എന്നതായിരുന്നു സൂനിന്റെ ലക്ഷ്യം. “എനിക്ക് ഈ ലോകത്തെ ഞെട്ടിക്കണമായിരുന്നു. 80 വയസ്സുള്ളൊരു സ്ത്രീ എങ്ങനെയാണ് ഇത്ര ആരോഗ്യവതിയായിരിക്കുന്നത് എന്ന് അവരെക്കൊണ്ട് ചിന്തിപ്പിക്കണമായിരുന്നു. ആളുകൾ എന്നെ നോക്കി പറയണം, ‘നോക്കൂ, ഇത്ര പ്രായമായിട്ടും ആ സ്ത്രീ എത്ര ആരോഗ്യവതിയാണ്. എങ്ങനെയാണവർ ശരീരം ഇത്ര ഭംഗിയായി സൂക്ഷിക്കുന്നത്. എന്താണ് രഹസ്യം?’ ജീവിതത്തിൽ നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിൽ അതിൽ സന്തോഷം കണ്ടെത്താൻ കഴിയുമെന്നും അവർ പറഞ്ഞു.