കേരളത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തത്തിന് നാലാണ്ട്. കൊവിഡ് പിടിമുറുക്കിയ സമയത്താണ് ജനങ്ങളെ ഞെട്ടിച്ചുള്ള ആ ദുരന്തം. 2020 ഓഗസ്റ്റ് 7ന് രാത്രി എട്ടുമണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്തം പറന്നിറങ്ങിയത്. 21 പേർ മരിച്ച അപകടത്തിൽ 165 പേർക്ക് പരിക്കേറ്റിരുന്നു.
ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കനത്ത മഴയിൽ റൺവെ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയർന്നു. വിമാനം പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത പത്താമത്തെ റൺവേയിൽ. തെന്നിമാറിയ വിമാനം ചതുപ്പ് നിലവും കടന്ന് 35 മീറ്ററോളം താഴേക്ക് വീണ് 3 കഷ്ണമായി പിളർന്നു.
വിമാനത്താവളത്തിൻറെ ചുറ്റുമതിൽ തകർത്ത് വിമാനത്തിൻറെ മുൻഭാഗം പുറത്തേക്കെത്തിയിരുന്നു. വിമാനത്തിൻറെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരടക്കം 21 പേരാണ് അപകടത്തിൽ മരിച്ചത്