Gulf

കെ എസ് എഫ് ഇ ചിട്ടിക്ക് ഗൾഫിൽ വനിതാ ഏജൻ്റുമാരും

Published

on

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലേയ്ക്ക് ആളെ ചേര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏജന്‍റുമാരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്രവാസികള്‍ക്ക് ചിട്ടിതുക ലഭിക്കാന്‍ നേരിടുന്ന പ്രയാസങ്ങളും അടിയന്തരമായി പരിഹരിക്കും.

പദ്ധതി നടപ്പായാല്‍ നിശ്ചിതശതമാനം കമ്മീഷനോടെ പ്രവാസി വനിതകള്‍ക്ക് മുന്‍ഗണന നല്‍കും. ഗള്‍ഫ് മേഖലയില്‍ സംഘടിപ്പിച്ച പ്രവാസി മീറ്റ് വന്‍ വിജയമായിരുന്നു. ചിട്ടി അംഗങ്ങള്‍ ഉന്നയിച്ച പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ചിട്ടിയില്‍ 121 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നിട്ടുണ്ട്. അടുത്തവര്‍ഷത്തോടെ കെഎസ്എഫ്ഇയുടെ വിറ്റുവരവ് ഒരു ലക്ഷം കോടിയാകും. മൂലധനം നൂറ് കോടിയില്‍ നിന്ന് 250 കോടിയായി സര്‍ക്കാര്‍ ഉയര്‍ത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 

പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട് വിദേശ മലയാളികള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദുരീകരിക്കാനും കൂടുതല്‍ പേരെ ചിട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനുമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കെഎസ്എഫ്ഇ പ്രവാസി മീറ്റ് സംഘടിപ്പിച്ചത്.

ചെയർമാൻ കെ. വരദരാജൻ, എംഡി. ഡോ. എസ്.കെ സനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ രാജ്യങ്ങളിലെ ക്യാംപെയ്ൻ. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ പണത്തിനായി കെഎസ്എഫ്ഇ ഓഫിസിൽ കയറിയിറങ്ങുന്ന ദുരിതം അവസാനിപ്പിക്കുമെന്നും വേഗത്തിൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ഡയറക്ടർമാരായ അഡ്വ. യു.പി. ജോസഫ്, അഡ്വ. എം.സി. രാഘവൻ, ആർ. മുഹമ്മദ് ഷാ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version