Gulf

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു;മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട

Published

on

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട. ആയിരത്തോളം ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന പ്രിയപ്പെട്ട നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. 80വയസായിരുന്നു അന്തരിച്ച പ്രിയ താരത്തിന്.

ഗായികയായി കലാ രംഗത്തേക്ക് കടന്നുവന്ന കവിയൂര്‍ പൊന്നമ്മ നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. നാല് തലമുറയിലെ നായക നടന്മാരുടെ അമ്മ വേഷത്തിലെത്തിയെന്ന പ്രത്യേകതയും കവിയൂര്‍ പൊന്നമ്മയ്ക്കുണ്ട്. മികച്ച അമ്മ വേഷങ്ങളിലൂടെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അമ്മയായി മാറിയത്.

അമ്മ വേഷങ്ങള്‍ക്ക് പുറമേ നെഗറ്റീവ് റോളുകളിലൂടെയും കവിയൂര്‍ പൊന്നമ്മ പ്രേക്ഷകരെ അതിശയിപ്പിച്ചുണ്ട്. മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ നേടിയിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ അഭിനയ ലോകത്തേക്ക് കടന്നുവന്നത്.

പിതാവില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീതത്തില്‍ താത്പര്യം ഉണ്ടായിരുന്ന പൊന്നമ്മയ്ക്ക് 12ാം വയസില്‍ ദേവരാജന്‍ മാസ്റ്ററുടെ നാടകത്തില്‍ പാടാനാണ് ആദ്യം അവസരം ലഭിക്കുന്നത്. തുടര്‍ന്ന് തോപ്പില്‍ ഭാസിയുടെ മൂലധനത്തിലും പാടി. മൂലധനത്തില്‍ നായികയെ ലഭിക്കാതിരുന്ന കാലത്ത് ഭാസിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പൊന്നമ്മ ആദ്യമായി മുഖത്ത് ചായമിടുന്നത്.

തുടര്‍ന്ന് കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ 14ാം വയസില്‍ മെറിലാന്റിന്റെ ശ്രീരാമപട്ടാഭിഷേകത്തിലാണ് ആദ്യ സിനിമ പ്രവേശനം. സിനിമ നിര്‍മ്മാതാവും തിരക്കഥകൃത്തുമായ പരേതനായ മണിസ്വാമിയാണ് ഭർത്താവ് മകൾ ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version