താനൊരിക്കലും നിർമിത ബുദ്ധിക്ക് (എഐ) എതിരല്ലെന്നും, എങ്കിലും കലാകാരന്മാര്ക്കും അവരുടെ സര്‍ഗ്ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് താന്‍ കരുതില്ലെന്നും സംഗീതസംവിധായകന് എ.ആര്. റഹ്മാന്. ഈണം സൃഷ്ടിക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിപൂര്‍വ്വകമായ മനസ്സും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗിറ്റാറും ഗാനവുമായി വേദിയിലെത്തുന്ന യഥാര്ഥസംഗീതജ്ഞരുടേതായിരിക്കും ഭാവിയെന്നാണ് തനിക്ക് തോന്നുന്നതെന്നും പിഴവുകള്‍ കൂടുതല്‍ തിരിച്ചറിയാനും അംഗീകരിക്കാനും ഡിജിറ്റലൈസേഷന് പ്രയോജനം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും റഹ്മാന് കൂട്ടിച്ചേര്‍ത്തു. പലയിടങ്ങളില്‍ നിന്ന് കട്ടെടുത്ത വിവരങ്ങളുടെ ശേഖരമാണ് എഐ. തുടക്കക്കാര്‍ക്ക് സഹായമെന്ന നിലയില്‍ ഇതിനെ ഉപയോഗിക്കാം. പോസ്റ്റര്‍ നിര്‍മ്മാണത്തിനായി താന്‍ എഐ ഉപയോഗിക്കാറുണ്ടെന്നും ചില നേരത്ത് നല്ലതാണെങ്കിലും ചില നേരത്ത് വളരെ മോശം ഫലമാണ് ലഭിക്കുന്നതെന്നും അതിനാല്‍ ഫോട്ടോഷോപ്പും എഐയും സംയോജിതമായാണ് താന്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മണിരത്നവുമൊത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഏത് സംവിധായകനുമായി വീണ്ടും ഒന്നിക്കാനാഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.നിങ്ങള്‍ക്ക് ആരിലെങ്കിലും കൂടുതല്‍ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളെ കൂടുതല്‍ ‘പീഡിപ്പി’ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ചില സംവിധായകര്‍ക്ക് അവര്‍ക്ക് എന്താണ് വേണ്ടതെന്നുള്ള കൃത്യമായ ധാരണയുണ്ടാകും, അപ്പോള്‍ കാര്യങ്ങള്‍ വേഗം നീങ്ങും.
അതേസമയം എനിക്ക് എന്തെങ്കിലും തരൂ എന്നാണ് മണിരത്നം പറയുക. അപ്പോൾ അതിനുവേണ്ടി ഞാൻ കുറേ കഷ്ടപ്പെടും. ആ കഷ്ടപ്പാട് അദ്ദേഹം അത് ആസ്വദിക്കുകയും ചെയ്യും.