Gulf

കണ്ണൂരിൽ പ്രവാസി മലയാളികൾക്കായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി പി. രാജീവ്

Published

on

പ്രവാസി മലയാളി നിക്ഷേപകർക്കായി കണ്ണൂരിൽ എൻആർകെ വ്യവസായ പാർക്ക് തുടങ്ങുമെന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കണ്ണൂരിലെ ‘കിൻഫ്ര’ യിൽ ഇതിനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി ദുബായിൽ നടത്തിയ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ പാർക്കിൽ നൂറ് കോടി രൂപയുടെ നിക്ഷേപത്തിന് പത്ത് ശതമാനം പ്രീമിയം നൽകിയാൽ മതി. രണ്ട് വർഷം മൊറൊട്ടോറിയം ലഭിക്കും.പിന്നീട് പത്ത് തവണകളായി അടക്കാം. 50 കോടിക്കും 100 കോടിക്കും ഇടയിലുള്ള തുകയുടെ നിക്ഷേപമാണെങ്കിൽ 20 ശതമാനമാണ് പ്രീമിയം. രണ്ട് വർഷം മൊറൊട്ടോറിയം ലഭിക്കും. പിന്നീട് അഞ്ച് തവണകളായി അടക്കാം.50 കോടിയിൽ താഴെയാണ് നിക്ഷേപമെങ്കിൽ മൊറൊട്ടോറിയം ഉണ്ടാവില്ല, പ്രീമിയം 20 ശതമാനമായിരിക്കും. പ്രവാസികളുടെ പണത്തെ ഉത്പാദനക്ഷമമായ നിക്ഷേപമാക്കി മാറ്റുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് രാജീവ് പറഞ്ഞു. വ്യവസായ പാർക്കിന് പേര് നിശ്ചയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അനുവദനീയമായ വിഭാഗങ്ങളിൽ വ്യവസായം തുടങ്ങാൻ താത്പര്യപ്പെടുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകും.മാധ്യമങ്ങൾ നല്ല വാർത്ത നൽകിയാൽ കേരളത്തിൽ നിക്ഷേപമെത്തുമെന്ന് മന്ത്രി

സ്മാർട്ട് സിറ്റി സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് പി. രാജീവിന്‍റെ ഈ പ്രതികരണം. കേരളത്തിന് വേണ്ടി ഒന്നിച്ച് നിൽക്കണമെന്നും കേരള മുന്നണിയാണ് ഇപ്പോൾ ഉള്ളതെന്നും അഭിപ്രായപ്പെട്ട വ്യവസായ മന്ത്രി മാധ്യമങ്ങൾ കൂടി കേരളത്തിന് വേണ്ടി പോസറ്റീവ് വാർത്തകൾ കൊടുത്താൽ നാട്ടിൽ ഇനിയും നല്ല നിക്ഷേപം വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പോയ കാര്യങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടത്താതെ വർത്തമാന കാലത്തെ സാദ്ധ്യതകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒരു മിനിറ്റിനകം അനുമതിചുവപ്പ് വിഭാഗത്തിൽ പെടാത്ത 50 കോടിയിൽ താഴെ നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഒരു മിനിറ്റിനകം പ്രവർത്തനാനുമതി ലഭിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ നിയമസഭ പാസാക്കിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് മൂന്നര വർഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കാം, ഇക്കാലയളവിനുള്ളിൽ ലൈസൻസ് നേടിയാൽ മതിയാകുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് യുഎഇ യിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു. ഉച്ചകോടിയിൽ യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ്​ അൽ മർറി മുഖ്യാതിഥിയായി പങ്കെടുക്കും. നിക്ഷേപ മന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അബൂദബി, ദുബൈ, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സുകൾ ഉച്ചകോടിയിൽ പ്രതിനിധി സംഘത്തെ അയക്കും. യുഎഇയിലെ പ്രധാന വ്യവസായ സ്ഥാപങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version