കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാരന് രക്ഷപ്പെട്ടു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ്(30) ആണ് മരിച്ചത്.ദുബായ് മംസാർ ബീച്ചിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ ഓപറേറ്ററായ അനിലും അനിലും മൂന്ന് കൂട്ടുകാരും ഇന്നലെ രാത്രിയാണ് മംസാർ ബീച്ചിൽ എത്തിയത്. ഇന്ന് അവധിയായതിനാൽ നാലു പേരും ബീച്ചിൽ തന്നെ രാത്രി സമയം ചെലവഴിച്ചു. തുടർന്ന് പുലർച്ചെ എണീറ്റ് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ കൂട്ടുകാരിലൊരാൾ തിരയിൽപ്പെട്ടപ്പോൾ അനിൽ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തിരയിൽപ്പെടുകയായിരുന്നു.
അനിലിനെ രക്ഷിക്കാൻ മറ്റുള്ളവർക്ക് സാധിച്ചതുമില്ല. ഉടൻ സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പൊലീസും ചേർന്ന് അനിലിനെ കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഹാബേൽ–അനിമോൾ ദമ്പതികളുടെ മകനാണ്.
ദുബായ് പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി നേതൃത്വം നൽകുന്നു. നാളെ വൈകിട്ടോടെ മൃതദേഹം കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധു ഷൈജൻ പറഞ്ഞു.”