കുഞ്ഞുകൈവിരലുകളില്‍ പിടിച്ച ചായം ചാലിച്ച ബ്രഷുകൾ ചലിച്ചപ്പോൾ തുണിസഞ്ചിയിൽ വിരിഞ്ഞത് പരിസ്ഥിതി സൗഹൃദ വർണചിത്രങ്ങൾ മാത്രമല്ല, ഗിന്നസ് ലോക റെക്കോർഡ് കൂടി. മലയാളി ഉടമസ്ഥതയിലുള്ള ഷാർജയിലെ പെയ്സ് ഗ്രൂപ്പിന്‍റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ 10,346 വിദ്യാർഥികളാണ് ഇന്ത്യാ ഇന്റർ നാഷനൽ അങ്കണത്തിൽ ഒരുമിച്ച് പുനരുപയോഗ തുണി സഞ്ചിയിൽ വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കി ഒരേസമയം തുണിസഞ്ചിയിൽ ഏറ്റവും കൂടുതൽ പേർ ചിത്രം വരച്ചു എന്ന പുതിയ ഗിന്നസ് റെക്കോർഡ് നേടിയത്.
പെയ്സ് എജ്യുക്കേഷൻ ഗ്രൂപ്പിന്റെ എട്ടാം ഗിന്നസ് റെക്കോർഡ് നേട്ടമാണ് ഇന്ന് രാവിലെ യാഥാർഥ്യമായത്. വിവിധ ക്ലാസുകളിലെ കുട്ടികൾ ഒന്നിച്ചിരുന്ന് പുനരുപയോഗ ബാഗുകളിൽ പ്രകൃതിരമണീയതയും പൂക്കളും പൂമ്പാറ്റകളും മൃഗങ്ങളും മരങ്ങളും സൂര്യനും ചന്ദ്രനും എന്തിന് ദിനോസോറിനെ വരെ വരച്ചു. ക്രിയാത്മകതയുടെയും സുസ്ഥിരതയുടെയും പാരിസ്ഥിതികാവബോധത്തിന്റെയും പ്രഖ്യാപനമായിരുന്നു ഈ ഗിന്നസ് ശ്രമമെന്ന് അധികൃതർ പറഞ്ഞു.
ഷാർജയിലെ ഇന്ത്യാ ഇൻ്റർ നാഷനൽ സ്‌കൂൾ, ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്കൂൾ, പെയ്‌സ് ഇന്റർനാഷനൽ സ്കൂൾ, അജ്‌മാനിലെ ഡി പി എസ് സ്കൂൾ എന്നീ പെയ്‌സ് ഗ്രൂപ്പ് കലാലയങ്ങളിലെ വിദ്യാർഥികളാണ് നേട്ടത്തിന് പിന്നിൽ.