ഒമാനില്‍ നിരവധിയിടങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. നിരവധിയിടങ്ങളില്‍ വാദികള്‍ കരകവിഞ്ഞ് ഒഴുകുകയും റോഡുകള്‍ നിറഞ്ഞ് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.
സൂറില്‍ 114 മില്ലി മീറ്ററും തൊട്ടടുത്ത ഖല്‍ഹാത്തില്‍ 184 മില്ലി മീറ്ററും മഴ പെയ്തു. ബൗശര്‍, സീബ്, റൂവി, അല്‍ കാമില്‍ അല്‍ വാഫി, ജഅലാന്‍ ബാനി ബു അലി, മസീറ, അഷ്കറ എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ ലഭിച്ചു. സൂറില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അകപ്പെട്ടുപോയവരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ഉദ്യോഗസ്ഥരെത്തി രക്ഷിച്ചു.
സൂറിലെ വാദിയില്‍ വാഹനത്തില്‍ കൂടുങ്ങിയ ഡ്രൈവറെയും തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ സലീമിയ വാദിയില്‍ വാഹനത്തില്പ്പെട്ടുപോയ മൂന്നു പേരെയും രക്ഷപ്പെടുത്തുകയും വൈദ്യുതി തടസ്സപ്പെട്ട സ്ഥലങ്ങളില്‍ അധികൃതര്‍ അതിവേഗത്തില്‍ പുനസ്ഥാപിക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്ത് പാര്‍ക്കുകളും പൂന്തോട്ടങ്ങളും അടക്കുകയും പലയിടങ്ങളിലും പഠനം ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മസ്കത്ത്, ദാഖിലിയ, അല്‍ വുസ്ത, തെക്ക്-വടക്ക് ശര്‍ഖിയ, തെക്ക്-വടക്ക് ബാത്തിന, ദോഫാര്‍, ബുറൈമി, ദാഹിറ എന്നീ ഗവര്‍ണറേറ്റുകളില്‍ മഴ മുന്നറിയിപ്പുണ്ട്. അടുത്തദിവസങ്ങളില്‍ മഴയുടെ ശക്തികുറയുമെന്നാണ് പ്രവചനം.